തിരുവനന്തപുരം: പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയും റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തിയത് പൊങ്കാലയ്‌ക്കെത്തിയവർക്ക് അനുഗ്രഹമായി. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം, കൊല്ലം,​ ജില്ലകളിലെ മുഴുവൻ സർവീസുകൾക്കും പുറമെ 270 ഓർഡിനറി സർവീസുകൾ തിരുവനന്തപുരം കേന്ദ്രമാക്കി പൂൾ ചെയ്‌തിരുന്നു. നിവേദ്യം കഴിഞ്ഞ ശേഷം വൈകിട്ട് 5.30 വരെ 432 ദീർഘദൂര സർവീസുകൾ നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 300ലധികം ഓർഡിനറി ട്രിപ്പുകളും കെ.എസ്.ആർ.ടി.സി സജ്ജമാക്കിയിരുന്നു. 270 ഓർഡിനറി ബസുകളും 120 ദീർഘദൂര സർവീസുകളും അധികമായി ക്രമീകരിച്ചു. റെയിൽവേ തിരുവനന്തപുരത്തു നിന്നും നാഗർകോവിലേക്കും കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ സർവീസ് നടത്തി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോപ്പും അധിക കോച്ചുകളും ട്രെയിനുകളിൽ ഉൾപ്പെടുത്തിയിരുന്നു. വൈകിട്ട് 4.30ന് കൊച്ചുവേളിയിൽ നിന്ന് നാഗർകോവിലിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ട്രാഫിക് പ്ലാൻ പ്രകാരം ഗതാഗത ക്രമീകരണം നടത്തിയത് ജനത്തിരക്ക് പെട്ടെന്ന് ഒഴിവാക്കാനുമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിശ്ചയിച്ച പ്രകാരം ബസുകൾ പുറപ്പെട്ടതോടെ ഒന്നര മണിക്കൂറിനകം നഗരം തിരക്കൊഴിഞ്ഞ് സാധാരണ നിലയിലായി.