jalaja

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പുണ്യം നുകർന്ന് ആത്മനിർവൃതിയടയാൻ പതിവ് തെറ്റിക്കാതെ സിനിമ,​ സീരിയൽ നടിമാരുമെത്തി. നടിമാരായ ചിപ്പി, സീമ ജി. നായർ, രമ്യ,​ സീരിയൽ നടി വേദ, ടി.ടി.ഉഷ,​ മങ്ക മഹേഷ്,​ ഗായിക രാജലക്ഷ്‌മി,പ്രിയങ്ക നായർ തുടങ്ങിയവർ ക്ഷേത്രത്തിന് സമീപത്തെ ഗൗരിവന്ദനം ഹോട്ടലിന് മുന്നിൽ പൊങ്കാല അർപ്പിച്ചു. നടൻ ജയറാമിന്റെ ഭാര്യ പാർവതി വഴുതക്കാട് ട്രിവാൻഡ്രം ക്ളബ്ബിലാണ് പൊങ്കാലയിട്ടത്. സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യ ചിത്ര ശാസ്തമംഗലത്തെ വീടിന് മുന്നിൽ പൊങ്കാലയിട്ടു. കഴിഞ്ഞ വർഷം പൊങ്കാലയിട്ട പഴയകാല നടി ജലജയും മകൾ ദേവിയും ഇത്തവണ എത്തിയില്ല. അതേസമയം,​ രാഷ്ട്രീയ നേതാക്കളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഭാര്യ സരസ്വതി മാത്രമാണ് പൊങ്കാലയിട്ടത്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിന് മുന്നിലായിരുന്നു ഇത്. മുൻ കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയും ഇത്തവണ പൊങ്കാലയിട്ടില്ല. കൊല്ലം ഡി.സി.സി പ്രസിഡ‌ന്റ് ബിന്ദു കൃഷ്ണ തമ്പാനൂർ അയ്യപ്പ ക്ഷേത്രത്തിന് മുന്നിൽ പൊങ്കാലയിട്ടു. ഹിന്ദു ഐക്യവേദി കെ. പി. ശശികല പാൽക്കുളങ്ങരയിൽ പൊങ്കാലയിട്ടു.