തിരുവനന്തപുരം: പുതിയ ഭാരവാഹി പട്ടികയെച്ചൊല്ലിയുള്ള ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തർക്കം പരിഹരിക്കുന്നതിന് കേന്ദ്ര ഇടപെടൽ. ജനറൽ സെക്രട്ടറിമാരും മുൻ പ്രസിഡന്റുമാരും മാത്രം ഉൾപ്പെടുന്ന സുപ്രധാന നയരൂപീകരണ സമിതിയായ പാർട്ടി കോർ കമ്മിറ്റിയിൽ മുതിർന്ന നേതാവും വൈസ് പ്രസിഡന്റുമായ എ.എൻ. രാധാകൃഷ്ണനെ ഉൾപ്പെടുത്തി.
ഭാരവാഹി പട്ടികയിൽ അതൃപ്തിയുമായി ഇടഞ്ഞുനിൽക്കുന്ന കൃഷ്ണദാസ് പക്ഷത്തെ അനുനയിക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ സംസ്ഥാന കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേരും. ഇടഞ്ഞു നിന്നിരുന്ന ജനറൽസെക്രട്ടറി എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ തവണ സംസ്ഥാന ജനറൽസെക്രട്ടറിയെന്ന നിലയിൽ എ.എൻ. രാധാകൃഷ്ണൻ കോർക മ്മിറ്റിയുടെ ഭാഗമായിരുന്നു. എന്നാൽ, പുതിയ ഭാരവാഹി പട്ടികയിൽ അദ്ദേഹത്തെയും മറ്റൊരു ജനറൽസെക്രട്ടറി ശോഭാ സുരേന്ദ്രനെയും വൈസ് പ്രസിഡന്റുമാരാക്കി. എം.ടി. രമേശിനെ ജനറൽ സെക്രട്ടറിയായി നിലനിറുത്തി. കൃഷ്ണദാസ് പക്ഷം പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. കോർ കമ്മിറ്റിയിൽ ഒരു വൈസ് പ്രസിഡന്റിനെ പൂർണ്ണമായി ഉൾപ്പെടുത്തുന്നത് ആദ്യമാണ്. മുമ്പ് എം.ടി. രമേശ് വൈസ് പ്രസിഡന്റായിരിക്കെ, കോർ കമ്മിറ്റിയിൽ ക്ഷണിതാവായിരുന്നു.അതേസമയം, ശോഭാ സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിൽ എന്തെങ്കിലും പ്രാതിനിദ്ധ്യം ലഭിച്ചേക്കുമെന്ന സൂചനയുണ്ട്.