governer

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ മുന്നിൽ പൊങ്കാല അർപ്പിച്ചവരെ പതിവ് സുരക്ഷാക്രമീകരണങ്ങളും പ്രോട്ടോക്കോളും മാറ്റിവച്ച് നേരിൽക്കണ്ട് കുശലം പറ‌ഞ്ഞും മലയാളത്തിൽ ആശംസകൾ നേർന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്‌മയും താരങ്ങളായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗവർണർ ഭാര്യയ്ക്കൊപ്പം പൊങ്കാലക്കാരെ കാണാനെത്തിയത്. പ്രധാന കവാടത്തിൽ എത്തിയ ഗവർണർ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച ശേഷം ഭക്തരെ കാണാൻ പോകുകയായിരുന്നു. മുണ്ടും ജുബ്ബയുമായിരുന്നു വേഷം. ചുരിദാറായിരുന്നു രേഷ്‌മയുടെ വേഷം.

ഭക്തരോട് പൊങ്കാലയെക്കുറിച്ച് ചോദിച്ചറിഞ്ഞ ഗവർണറും പത്നിയും അവർക്ക് പൊങ്കാല ആശംസകൾ നേർന്നു. പൊങ്കാല ഇടുന്നത് എങ്ങനെയെന്ന് സ്ത്രീകൾ വിശദീകരിച്ചപ്പോൾ ഇരുവരും സാകൂതം കേട്ടുനിന്നു. ഇതിനിടെ പൊങ്കാലയിടാനെത്തിയവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളെ ലാളിക്കാനും ഗവർണർ മടികാട്ടിയില്ല. തന്നെ പശ്ചാത്തലമാക്കി സെൽഫി എടുക്കാൻ ശ്രമിച്ചവരോട് ''വന്നുനിന്ന് എടുത്തോളൂ" എന്ന് പറഞ്ഞ് അദ്ദേഹം സെൽഫിക്ക് തയ്യാറായി. ഇതോടെ യുവതീ- യുവാക്കൾ ഗവർണർക്കൊപ്പം സെൽഫി എടുക്കാൻ തിക്കിത്തിരക്കി. മൻമോഹൻ ഗേറ്റ് വരെ പോയി തിരിച്ചുവന്ന് റോഡിന് ഇടതുവശത്ത് പൊങ്കാല അർപ്പിച്ചവരെയും കണ്ടു. ഇതിനിടെ മാദ്ധ്യമ പ്രവർത്തകരോട് അൽപനേരം സംസാരിച്ചു. കൊറോണ ഭീതി നിലനിൽക്കുമ്പോഴാണ് പൊങ്കാല നടക്കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ രോഗഭീതിയെക്കാൾ വലുതാണ് പൊങ്കാലയുടെ ഭക്തി നൽകുന്ന ആവേശമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊങ്കാല മികച്ച അനുഭവമാണെന്നും നാടൊന്നാകെ നിരത്തിലിറങ്ങി നടത്തുന്ന പൊങ്കാല ഒരുമയുടെ സന്ദേശം പരത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ സംവിധായകൻ ഷാജി കൈലാസും ഭാര്യയും നടിയുമായ ചിത്രയും ഗവർണറെ കാണാനെത്തി. ഏതാണ്ട് 40 മിനിട്ടോളം പൊങ്കാലക്കാർക്കൊപ്പം ചെലവിട്ട ശേഷം ഗവർണർ രാജ്ഭവനിലേക്ക് മടങ്ങി.