05

ശ്രീകാര്യം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാങ്ങപ്പാറ ആശുപത്രി ഇനി സമഗ്ര കുടുംബാരോഗ്യ കേന്ദ്രമായി മാറും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. പദ്ധതിയുടെ ഭാഗമായി കിടത്തി ചികിത്സയും സ്‌പെഷ്യലിറ്റി സെന്റർ,​ ലാബ് കോംപ്ലക്‌സ്,​ ഫാർമസി സെന്റർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇവിടെ കിടത്തി ചികിത്സ ഒരുക്കുന്നതിനായി ബഹുനില മന്ദിരം നിർമ്മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ആവശ്യമായ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കാനോ മറ്റ് സൗകര്യങ്ങൾ ഒരുക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ ആധുനിക ആശുപത്രി മന്ദിരം അടഞ്ഞുകിടക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടതോടെയാണ് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇവിടെ പുതിയ തസ്തിക സൃഷ്ടിക്കുകയും മറ്റു സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്‌തത്. നിലവിൽ പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എല്ലാ ദിവസവും പീഡിയാട്രിക്, ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ക്ലിനിക്കുകളും മെഡിക്കൽ കോളേജിലെതുപോലെ ഒ.പി സമയക്രമമനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ എന്ന പേരിൽ പാങ്ങപ്പാറ ആശുപത്രിയെ മാറ്റുന്നത്.

ആശുപത്രിയുടെ പുതിയ മാറ്റങ്ങൾ

---------------------------------------------------

സമഗ്ര കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ പ്രത്യക പ്രോജക്ട് പ്രകാരം കൂടുതൽ ജീവനക്കാർ ഇവിടെയെത്തും. ഇതിനായി നഗരസഭ 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ അടഞ്ഞുകിടക്കുന്ന അരുവിക്കരക്കോണത്തെയും മണ്ണന്തലയിലെയും പ്രൈമറി ഹെൽത്ത് സെന്ററുകൾ പോളിക്ലിനിക്കുകളാക്കി പ്രവർത്തനസജ്ജമാക്കിയ ശേഷം പാങ്ങപ്പാറ ആശുപത്രിയുടെ പരിധിയിലാക്കും

3 ഡോക്ടർമാർ, 2 നഴ്‌സുമാർ

2 ലാബ് അസിസ്റ്റന്റുമാർ,​

2 ഫാർമസിസ്റ്റ് ഉൾപ്പെടെ

17 ജീവനക്കാർ

 സ്ഥലം - 2.75 ഏക്കർ

പ്രതികരണം
-------------------

ആർദ്രം പദ്ധതി പ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ടെങ്കിലും ഇവിടങ്ങളിൽ കിടത്തി ചികിത്സ സൗകര്യങ്ങൾ ലഭ്യമല്ല. എന്നാൽ പാങ്ങപ്പാറ ആശുപത്രി സമഗ്ര കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നതോടെ കിടത്തി ചികിത്സയും സാദ്ധ്യമാകും.

ഡോ. അനീഷ് (എ.എം.ഒ, പാങ്ങപ്പാറ ആശുപത്രി )