photo

നെടുമങ്ങാട്: തുടക്കം മുതൽ ഒടുക്കം വരെ വൃത്തിയാർന്ന വീഥികൾ. ഇരുവശവും മലർപൊടി കോലങ്ങളും വാതായനങ്ങളും. വാതായനങ്ങൾക്കുള്ളിൽ സദാ പുറത്തേയ്ക്ക് വമിച്ച് അന്തരീക്ഷമാകെ സുഗന്ധപൂരിതമാക്കുന്ന ധൂമപടലങ്ങൾ. പഴമയുടെ ഈ ഓർമ്മചിത്രങ്ങൾ ഇന്നും അടയാളപ്പെടുത്തുന്നു, നെടുമങ്ങാട്ടെ പഴവടി ഗ്രാമം. കോയിക്കൽ കൊട്ടാരത്തിനും കോയിക്കൽ മഹാദേവ ക്ഷേത്രത്തിനും അരികെ നിന്ന് ശ്രീമഹാഗണപതി ക്ഷേത്രം വരെ നീളുന്ന ക്ഷേത്ര നഗരി. കൊട്ടാരത്തിനും മഹാദേവക്ഷേത്രത്തിനും തെക്കുദിശയിൽ തമിഴ് വംശജരും സ്വർണ പണിക്കാരുമായ വിശ്വകർമ്മജർ തിങ്ങി വസിച്ചിരുന്ന തട്ടാപ്പാളയം. പടിഞ്ഞാറേ ദിക്കിൽ കച്ചവടത്തിന്റെയും കാര്യസ്ഥ പട്ടത്തിന്റെയും പ്രൗഢി വാഹകരായ വെള്ളാള സമുദായം. മുകിലപ്പടയുടെ ആക്രമണം ഭയന്ന് നെടുമങ്ങാട്ടേക്ക് ആസ്ഥാനം മാറ്റിയ ഉമയമ്മ റാണിയുടെ ചെങ്കോൽ കാത്ത നായർ സമുദായം കൊട്ടാരത്തിനു വടക്ക് അധിവസിച്ചിരുന്ന നാലാമത്തെ ജനപഥം. കുംഭത്തിലെ അവസാന ചൊവ്വാഴ്ച നാടറിഞ്ഞ് നടക്കുന്ന പ്രസിദ്ധമായ നെടുമങ്ങാട് ഓട്ടത്തിന് നഗരം ഇന്ന് വീണ്ടുമൊരിക്കൽ കൂടി സാക്ഷ്യം വഹിക്കും.

ഓരോ കൊല്ലം കഴിയുംതോറും ക്ഷേത്രാചാരങ്ങളുടെയും ഉത്സവങ്ങളുടെയും പകിട്ടേറി. ഓരോ ക്ഷേത്രവും അതാത് സമുദായത്തിന്റെ അധികാര പരിധിയിലാണെങ്കിലും സമുദായ സങ്കുചിതത്വം ഇതേവരെ തീണ്ടിയിട്ടില്ല. വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ മൂന്ന് ക്ഷേത്രങ്ങളിലും തങ്ങളുടെ ആരാധന മൂർത്തിയെ കണ്ടതോടെ ഉത്സവത്തിന് ഏകത്വം കൈവന്നു. കുംഭത്തിലെ അവസാന ചൊവ്വാഴ്ചകളിൽ രാത്രി എട്ടരയോടെ മൂന്ന് ക്ഷേത്രങ്ങളിലെയും അമ്മദൈവങ്ങൾ പഴവടി മുതൽ കോയിക്കൽ വരെയുള്ള വീഥികളിൽ അനുഗ്രഹിച്ച് എഴുന്നള്ളും.

1. മുത്തുമാരിയമ്മൻ ദേവസ്ഥാനം

രാവിലെ 8 ന് : പഞ്ചഗവ്യ നവകലശപൂജ (മുത്തുമാരിയമ്മയ്ക്കും സ്വാമിക്കും), 8.30 ന് നെയ്യാണ്ടിമേളം (ഡബിൾ സെറ്റ്), 10ന് വിൽപ്പാട്ട്, 11ന് മുത്തുമാരിയമ്മയ്ക്കും സ്വാമിക്കും പഞ്ചഗവ്യം,11.30ന് : സമൂഹസദ്യ, ഉച്ചയ്ക്ക് 2ന് കരകം എഴുന്നള്ളത്ത്, 5ന് ഉരുൾ. രാത്രി 7 ന് ചപ്രം പുറത്തെഴുന്നള്ളിപ്പ്, 8 ന് വിൽപ്പാട്ട്, 8.30 ന് കുത്തിഒാട്ടം, പൂമാല, താലപ്പൊലി, 8.45 ന് അമ്മ അനുഗ്രഹിച്ച് പുറത്തെഴുന്നള്ളിപ്പ്.

 മേലാംകോട് ദേവീക്ഷേത്രം

രാവിലെ 6.30 ന് മേലാംകോട്ടമ്മമാർക്ക് പഞ്ചഗവ്യ നവകലശാഭിഷേക പൂജയും കലശാഭിഷേകവും,7ന് : ഭദ്രകാളിപ്പാട്ട്,
7.30 ന് നെയ്യാണ്ടിമേളം,8 ന് ചെണ്ടമേളം,9.30ന് പൊങ്കാല, 12ന് പൊങ്കാല നിവേദ്യം,വൈകിട്ട് 4.30 ന് ഉരുൾ
7 ന് വിൽപ്പാട്ട് (മേലെ ക്ഷേത്ര നടയിൽ),7.30 ന് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു, 7.30ന് നൃത്തസന്ധ്യ,
8 ന് ഒാട്ടം, പൂമാല (കോയിക്കൽ ശിവക്ഷേത്ര ത്തിൽ നിന്ന് ആരംഭിക്കുന്നു),9 ന് താലപ്പൊലി,10 ന് പൂത്തിരിമേളം,4 ന് പൂത്തിരിമേളം.

മുത്താരമ്മൻ ക്ഷേത്രം

രാവിലെ 7.45 ന് നെയ്യാണ്ടിമേളം, കരകാട്ടം, വാണ്ടിപ്പെട്ടിമേളം,8.30 ന് ആനപ്പുറത്ത് എഴുന്നള്ളത്ത്,2 ന് കരകമെടുപ്പ,3 ന് ശിങ്കാരിമേളം,വൈകിട്ട് 4 ന് ലളിതാസഹസ്രനാമപാരായണം, 5.30 ന് ഉരുൾ, 6 ന് അമ്മൻകഥ വിൽപ്പാട്ട്, 6.30 ന് : ഗാനാഞ്ജലി,രാത്രി 8.30 ന് അമ്മൻപുരസ്‌കാരം (പ്രതിഭകളെ ആദരിക്കൽ),9.30 ന് കുത്തിയോട്ടം, പൂമാല, രാത്രി 11 ന് നൃത്തസംഗീത നാടകം,4 ന് മുത്തെടുപ്പ്.