കുന്നത്തൂർ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുണ്ടറ പടപ്പക്കര ജിബിൻ ഭവനത്തിൽ ജയിംസിന്റെ മകൻ ജിബിൻ ജയിംസാണ് (24) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.30 ഓടെ കുന്നത്തൂർ പാലത്തിന് താഴെയുള്ള കടവിലായിരുന്നു അപകടം. ഉത്സവത്തിന് കൊല്ലത്ത് നിന്നുവന്ന ഫ്ളോട്ടിന്റെ സഹായിയായി എത്തിയതായിരുന്നു ജിബിൻ. കൂട്ടത്തിലുള്ള രണ്ടുപേർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു . കരയിലേക്ക് തിരിച്ച് നീന്തുന്നതിനിടെ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. കരയ്ക്ക് നിന്നവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ തെരച്ചിൽ നടത്തിയെങ്കിലും വിഫലമായി. തുടർന്ന് ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘവും കൊല്ലം സ്കൂബ ടീമും എത്തി നടത്തിയ തെരച്ചിലിൽ രാത്രി ഏഴോടെ പാലത്തിന് സമീപത്ത് നിന്ന് ജിബിന്റെ മൃതദേഹം കണ്ടെത്തി.