coronavirus

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടുമെന്ന് മന്ത്റി കെ. കെ. ശൈലജ. വാർഡ്‌ മെമ്പർമാരുടെയും ആശാ വർക്കർമാരുടെയും സഹായത്തോടെ രോഗബാധിത സ്ഥലങ്ങളിൽ നിന്നെത്തിയവരെ കണ്ടെത്താനാണ് ശ്രമം.

കൊറോണ ബാധിച്ച രാജ്യങ്ങളിൽ നിന്ന് അന്യ സംസ്ഥാനങ്ങളിൽ വിമാനമിറങ്ങി അവിടെ നിന്ന് ട്രെയിൻ, ബസ് മാർഗ്ഗം കേരളത്തിലെത്തിയവരെയും കണ്ടെത്തും. ആവശ്യമെങ്കിൽ മൈക്ക് പ്രചാരണവും നടത്തും. നഗരങ്ങളിൽ റസിഡന്റ്സ് അസോസിയേഷന്റെ സഹായം തേടുമെന്നും അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.
രോഗലക്ഷണമുള്ളവരുടെ എണ്ണം കൂടിയാൽ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ട്.
സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യം മുഖ്യമന്ത്റിയുമായി ആലോചിച്ച് തീരുമാനിക്കും.
ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യ സെക്രട്ടറി രാജൻ ഖൊബ്റഗഡെ എന്നിവർ തിങ്കളാഴ്ച വീഡിയോ കോൺഫറൻസ് വഴി കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ സ്ഥിതിഗതികൾ ധരിപ്പിച്ചിട്ടുണ്ട്.

കളക്ടർ ആവശ്യപ്പെട്ടാലും വിദേശത്ത് നിന്നെത്തിയവരുടെ പട്ടിക എയർപോ‌ർട്ട് അതോറിട്ടിയുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർക്ക് കൈമാറാനാവില്ല. അതിനാൽ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അതിനുള്ള അധികാരം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കുവൈ​റ്റും, സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സർട്ടിഫിക്ക​റ്റ് നിഷ്‌കർഷിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശം പുറപ്പെടുവിക്കുവാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

വിവരം മറച്ചാൽ കേസ്

കൊറോണ ബാധിത രാജ്യത്ത് നിന്നെത്തിയ വിവരം മറച്ചുവച്ചാൽ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കും. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ വിവരം സ്വമേധയാ വിമാനത്താവളത്തിലോ ഹെൽപ്പ് ഡെസ്കിലോ അറിയിക്കണം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.