1

തിരുവനന്തപുരം: പൊങ്കാല നിവേദ്യം കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരത്തിലെ നിരത്തുകളെല്ലാം ക്ലീൻ. കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികളാണ് നഗരം പഴയപടിയാക്കിയത്. ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദ്യം കഴിഞ്ഞുടൻ തന്നെ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. 3383 ശുചീകരണ തൊഴിലാളികളും യുവജന ക്ഷേമ ബോർഡിന്റെ 300 യൂത്ത് ഫോഴ്സും ഗ്രീൻ ആർമിയുടെ 250 പ്രവർത്തകരുമാണ് ശുചീകരണ ജോലിയിൽ ഏർപ്പെട്ടത്. തമ്പാനൂർ മുതൽ പി.എം.ജി, മാനവീയം വീഥി, മ്യൂസിയം തുടങ്ങി നഗരത്തിന്റെ അഞ്ച് കിലോമീറ്റർ പ്രദേശത്ത് യൂത്ത് ഫോഴ്സിന്റെ സേവനം ലഭിച്ചു. പൊങ്കാലക്കാർ ഉപേക്ഷിച്ചു പോയ പേപ്പറുകൾ, കവറുകൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റ് പാഴ്വസ്തുക്കൾ, ചുടുകല്ലുകൾ എന്നിവ ശേഖരിച്ച് തരംതിരിച്ച് നഗരസഭ അധികൃതർക്ക് കൈമാറി. യുവജനക്ഷേമ ബോർഡിനൊപ്പം വാട്ടർ ടാങ്കർ അസോസിയേഷൻ, തരംഗണി എന്നീ സംഘടനകളും നഗരസഭയ്ക്കൊപ്പം ചേർന്നു. നഗരസഭയുടെ 31 വാർഡുകളിലായാണ് പൊങ്കാല ഉത്സവം നടന്നത്. പൊങ്കാലയും ശുചികരണ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനായി 4 കാമറാസംഘങ്ങൾ പ്രവർത്തിച്ചു. മേയർ കെ. ശ്രീകുമാർ ഡെപ്യൂട്ടി മേയർ രാഖി രവി കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, സെക്രട്ടറി, ഹെൽത്ത് ഓഫീസർ, രണ്ട് ഹെൽത്ത് സൂപ്പർ വൈസർമാർ 27 ഹെൽത്ത് ഇൻസ്‌പെക്ടർമാർ,63 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ മുഴുവൻ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് രാത്രി ഒമ്പതരയോടെ സെക്രട്ടേറിയറ്റ് പരിസരത്ത് കൃത്രിമമഴ പെയ്യിച്ചു. സൗത്ത് ഗേറ്റിൽ നിന്ന് ആരംഭിച്ച കൃത്രിമമഴ പൊങ്കാല നടന്ന 31 വാർഡുകളിലൂടെയും സഞ്ചരിച്ച് പൊടിയും മാലിന്യവും മാറ്റി.


പൊങ്കാല മാലിന്യം 54 ടൺ

പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരസഭ ശേഖരിച്ചത് 54 ടൺ മാലിന്യം. ഇതിൽ അഞ്ച് ടണ്ണോളം പൊങ്കാലയുമായി ബന്ധമില്ലാത്ത മാലിന്യങ്ങളായിരുന്നു. കഴിഞ്ഞ വർഷത്തെ 67 ടൺ മാലിന്യത്തിൽ നിന്ന് 54 ടണ്ണായി മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ ഇക്കുറി നഗരസഭയ്ക്ക് കഴിഞ്ഞതായി മേയർ അറിയിച്ചു. ഗ്രീൻ എൻഫോഴ്സ്‌മെന്റിന്റെ നാല് പ്രത്യേക സ്‌ക്വാഡുകൾ നടത്തിയ പരശോധനയിൽ 150 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നം പിടികൂടി. ആറ്റുകാൽ ക്ഷേത്രപരിസരത്ത് ഹരിതചട്ടം ലംഘിച്ച് അന്നദാനം വിതരണം ചെയ്ത പത്തോളം സംഘടനകളെ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. ഇവരിൽ നിന്ന് പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.