yyy

നെയ്യാറ്റിൻകര: സംസ്ഥാനത്ത് കേരള സർക്കാർ പ്ലാസ്റ്റിക് സമയബന്ധിതമായി നിരോധിച്ചെങ്കിലും നെയ്യാറ്റിൻകര ടൗണിലും സമീപ ഗ്രാമപഞ്ചായത്തുകളിലും പ്ലാസ്റ്രിക് യഥേഷ്ടം ഉപയോഗിക്കുന്നതായി പരാതി. പലവ്യഞ്ജനക്കടയിലും പൊതു ചന്തകളിലുമാണ് ഇപ്പോഴും പ്ലാസ്റ്റിക് അദികമായി ഉപയോഗിക്കുന്നത്. നിരോധനം വന്നതിന് പിന്നാലെ പൊതു ജനം പ്ലാസ്റ്റിക് ഉപേക്ഷിച്ചെങ്കിലും ഇപ്പോൾ പഴയപടിയായി. ഉത്പാദന കേന്ദ്രങ്ങളിൽ പരിശോധന നടത്താത്തതാണ് പ്ലാസ്റ്റിക് നിരോധിച്ചിട്ടും ഇപ്പോഴും വിപണിയിലെത്തുന്നതെന്നും ആക്ഷേപമുണ്ട്. നിരോധനം പ്രാബല്യത്തിലാക്കാനായി നെയ്യാറ്റിൻകര നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്നും നഗരസഭാ അധികൃതർ ശേഖരിച്ച പ്ലാസ്റ്റിക് ശേഖരം ചാക്കുകളിലാക്കി നഗരസഭയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്ലാസ്ടിക് മാലിന്യം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനായി ഇൻസിനേറ്റർ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നതും പാഴ് വാക്കായതായി നാട്ടുകാർ പറയുന്നു.

 ഉപയോഗം വീണ്ടും

നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്റിക് ക്യാരിബാഗ് ഉപയോഗിക്കുന്നതും ആശുപത്രിക്കുള്ളിൽ കൊണ്ടു പോകുന്നതും ഏതാണ്ട് പത്ത് വർഷം മുൻപേ നിരോധിച്ചിരുന്നു. നിരോധന ബോർഡുകൾ ആശുപത്രിയിലെ വിവധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ പ്ലാസ്റ്റിക് ഉപയോഗം കൂട്ടിരിപ്പുകാരും നിറുത്തി. എന്നാൽ കൂടുതൽ പരിശോധനകൾ ഇല്ലാതെ വന്നതോടെ ഇവിടേയും പ്ലാസ്റ്റിക് നിർബാധം ഉപയോഗിക്കുകയാണിപ്പോൾ. മാത്രമല്ല ആശുപത്രി വളപ്പിൽ ഡിസ്പോസിബിൾ സിറിഞ്ച് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യം തുറസായ സ്ഥലത്ത് കത്തിക്കുന്നതും പരിസരവാസികളിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

 നിരോധനം ബാധിച്ച പ്ലാസ്റ്റിക് നിർമ്മിതികൾ

പ്ലാസ്റ്റിക് നിർമ്മിത സാധനങ്ങൾ വില്ക്കുന്ന വ്യാപാരികൾ നിരോധനം വന്നതോടെ അത്യധികം ദുരിതത്തിലായി. ലക്ഷങ്ങൾ മുടക്കി ഇത്തരം പ്ലാസ്റ്റിക് കസേരകളും കളിപ്പാട്ടങ്ങളും വാങ്ങി സൂക്ഷിച്ച വ്യാപാരികൾ ഇതു കാരണം വെട്ടിലായിരിക്കുകയാണ്. മാത്രമല്ല മിക്ക വ്യാപാര സ്ഥാപനങ്ങളും ഉയർന്ന തുക ബാങ്കുകളിൽ നിന്നും പലിശക്കെടുത്ത് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയാണ്. അതേ സമയം ഇത്തരം വ്യാപാര സ്ഥാപനങ്ങൾ എന്തു ചെയ്യുമെന്ന കാര്യത്തിൽ അധികൃതർ ഇതേവരെ നയം വ്യക്തമാക്കിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

 വിപണി കീഴടക്കി തുണി സഞ്ചി

നിരോധനം വന്നതോടെ തുണിസഞ്ചിയും മറ്റൊരു വ്യാപാര ഉത്പന്നമായി മാറിയിരിക്കുകയാണ്. മുൻ കാലങ്ങളിൽ സാധനങ്ങൾ വാങ്ങിയാൽ കിറ്റ് ഒപ്പം കിട്ടുമായിരുന്നു. എന്നാൽ തുണിസഞ്ചി വന്നതോടെ വാങ്ങുന്ന സാധനങ്ങൾക്ക് പുറമെ ഇത് ഇടാനുള്ള തുണി സഞ്ചിക്ക് പ്രത്യേകം വില കൊടുക്കണം. ചുരുക്കത്തിൽ 60 രൂപയുടെ ഊണ് വാങ്ങിയാൽ കവറിലിട്ട് തരുമ്പോൾ 65 മുതൽ 70 വരെ വില കൊടുക്കണം. എന്നാൽ പല സ്ഥങ്ങളിലും പ്ലാസ്റ്റിക് ഇപ്പോഴും സജീവമാണ്.

 തുണി സഞ്ചിയുടെ വില....... 5 മുതൽ 10 വരെ

നിരോധനം പ്രാബല്യത്തിൽ വരുത്താനായി നഗരസഭ പ്രായോഗിക നടപടികൾ സ്വീകരിക്കണം.

ഗ്രാമം പ്രവീൺ (കൗൺസിലർ)