പത്തനംതിട്ട: കൊറോണ ഭീതിക്കിടെ ഇറാൻ യുവതി പത്തനംതിട്ടയിലെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപം ജീൻസും ടോപ്പും ധരിച്ച് ലഗേജുമായി സ്വകാര്യ വാഹനങ്ങൾക്ക് കൈകാണിച്ചു കൊണ്ടിരുന്ന യുവതിയെ കണ്ടവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് സ്ഥലത്തെത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴേക്കും ജനക്കൂട്ടമായി. യുവതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ട് മാസ്ക് നൽകി വിട്ടയച്ചു.
കൊറോണ രോഗബാധയുള്ള ഇറാനിൽ നഴ്സായ 37കാരിയാണ് പത്തനംതിട്ടയിലെത്തിയത്. കഴിഞ്ഞ 25ന് മുംബയിലെത്തിയ യുവതി തിരുവനന്തപുരത്ത് നിന്ന് സ്വകാര്യ വാഹനങ്ങളിൽ ലിഫ്റ്റ് കയറിയാണ് പത്തനംതിട്ടയിലെത്തിയത്. ഇവിടെ നിന്ന് മൂന്നാറിന് പോകാൻ സ്വകാര്യ വാഹനങ്ങൾക്ക് കൈകാണിക്കുന്നതിനിടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. എല്ലാവർഷവും വിനോദത്തിനായി വിദേശരാജ്യങ്ങൾ സന്ദർശിക്കാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു.