nigraham-31

''സാറേ..."

സി.പി.ഒ ഗുണശീലൻ വിളിച്ചു.

എസ്.ഐ ബോബികുര്യനു പരിസരബോധം വീണ്ടുകിട്ടിയത് അപ്പോഴാണെന്നു തോന്നി.

അയാൾ ചുറ്റും നോക്കി.

ജനങ്ങൾ തന്നെ നോക്കി ചിരിക്കുന്നു. ആംബുലൻസ് പോയ ഭാഗത്തേക്ക് ബോബികുര്യൻ തിരിഞ്ഞു. അതിന്റെ പിൻഭാഗം മാത്രം അകലെ ഒരു നിമിഷം കണ്ടു. പിന്നെ അതും മാഞ്ഞു.

''ഛേ..." നടുറോഡിൽ വിവസ്ത്രനാക്കപ്പെട്ടതുപോലെ അയാൾ വിളറി.

ഇനി ഈ ജനക്കൂട്ടത്തിനു മുന്നിൽ തനിക്ക് എന്തു വിലയാണുള്ളത്?

ബോബികുര്യന്റെ കടപ്പല്ലുകൾ ചേർന്നു ഞെരിഞ്ഞു.

''ഇനി എന്തുചെയ്യും സാറേ?"

ഗുണശീലന്റെ ചോദ്യം എസ്.ഐയെ ചിന്തിപ്പിച്ചു.

നടുറോഡിൽ ഒരു ശവം കുഴിച്ചിടുക... അതും താൻ നോക്കി നിൽക്കെ!

മേലുദ്യോഗസ്ഥരോട് അതിനു മറുപടി പറഞ്ഞേ പറ്റൂ തനിക്ക്.

''സാർ... " ചാനൽ പ്രതിനിധി ബോബികുര്യന്റെ മുന്നിലെത്തി മൈക്രോഫോൺ നീട്ടി. ''ഇനി എന്തുചെയ്യാനാണ് സാർ പദ്ധതി? നടുറോഡിൽ ഒരു മൃതശരീരം കുഴിച്ചിട്ടത് ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമാ..."

ബോബികുര്യന്റെ മുഖം ചുവന്നു.

''എല്ലാം അപ്പപ്പോൾ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നല്ലോ... നിങ്ങളുതന്നെയങ്ങ് തീരുമാനിക്ക് എന്തു വേണമെന്ന്? അല്ലെങ്കിൽത്തന്നെ ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് നിങ്ങളൊക്കെയാണല്ലോ..."

സിദ്ധാർത്ഥിനോടുള്ള എസ്.ഐയുടെ ദേഷ്യം റിപ്പോർട്ടറോടായി.

''എന്നാലും സാറ് നോക്കിനിൽക്കുമ്പോഴല്ലേ ഇതൊക്കെ സംഭവിച്ചത്? അപ്പോൾ ഇനി എന്ത് എന്നതിനും മറുപടി പറയേണ്ട ബാദ്ധ്യത സാറിനുണ്ട്."

റിപ്പോർട്ടർ വിടുന്ന മട്ടില്ല.

എസ്.ഐയ്ക്കു ദേഷ്യമേറി.

''കുഴിച്ചെടുത്ത് ആ ശവം ഞാൻ വെട്ടിപ്പുഴുങ്ങും. എന്നിട്ട് ഒരു പീസ് തനിക്കുംകൂടിത്തരും തിന്നാൻ."

ബോബികുര്യൻ വെട്ടിത്തിരിഞ്ഞ് ബൊലേറോയിൽ കയറി. ഒപ്പം ഫോൺ എടുത്ത് ഡിവൈ.എസ്.പിയുടെ നമ്പർ കുത്തി...

****

സിദ്ധാർത്ഥിന്റെ വീട്.

ആംബുലൻസ് നിന്നപ്പോൾ കാത്തുനിന്നിരുന്ന ജനം മുന്നോട്ടു തള്ളിക്കയറി.

സിദ്ധാർത്ഥും സുഹൃത്തുക്കളും അതിൽ നിന്നിറങ്ങി. എന്നാൽ മഹിമാമണിയുടെ ബോഡി അതിൽ നിന്ന് ഇറക്കാഞ്ഞപ്പോൾ അവർ പരസ്പരം നോക്കി.

ഒരാൾ ആംബുലൻസിന്റെ പിന്നിലെ ഡോറിലൂടെ അകത്തേക്കു ശ്രദ്ധിച്ചു...

''ബോഡിയെവിടെ... മോർച്ചറിയിൽ

വച്ചോ?"

അയാൾ ചെമ്പല്ലിസുരേഷിനോടു ചോദിച്ചു.

''അടക്കം കഴിഞ്ഞു." സുരേഷ് അത്രയേ പറഞ്ഞുള്ളു.

സിദ്ധാർത്ഥ് വീടിനുള്ളിലേക്കു കയറിപ്പോയി.

ഒന്നും പിടികിട്ടാതെ ജനം പരസ്പരം നോക്കി നിന്നു...

ചാനലുകളിൽ നിരന്തരം വാർത്ത പരന്നതോടെ ജനം അമ്പരന്നു.

മഹിമാമണിയെ റോഡിനു നടുവിൽ അടക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അവർ ശ്വാസം വിടാതെ കണ്ടിരുന്നു.

ഡി.ജി.പി നേരിട്ട് എസ്.പി കൃഷ്ണപ്രസാദിനെ വിളിച്ചു.

''എന്തൊക്കെയാടോ കോന്നിയിൽ നടക്കുന്നത്? താനവിടെ എന്തുചെയ്തുകൊണ്ടിരിക്കുകയാ?"

''സാർ... ആരും അങ്ങനെയൊന്നു പ്രതീക്ഷിച്ചിരുന്നില്ല. ഉടനെ ആക്‌ഷൻ എടുക്കും സാർ..."

''പെട്ടെന്നു വേണം. എന്നിട്ട് ഉടൻ എനിക്ക് റിപ്പോർട്ടു തരണം. ഹോംമിനിസ്റ്ററുടെ ചോദ്യത്തിന് എനിക്ക് ഉത്തരം നൽകേണ്ടതാണ്."

''സാർ..."

കോൾ മുറിഞ്ഞു.

കൃഷ്ണപ്രസാദ് കൈപ്പടത്തിൽ മുഖം അമർത്തി ഇത്തിരി നേരമിരുന്നു. ശേഷം തിടുക്കത്തിൽ എഴുന്നേറ്റ്

തൊപ്പിയെടുത്ത് തലയിൽ വച്ചു.

****

സിദ്ധാർത്ഥ് ഒന്നു കുളിച്ചു.

അമ്മ വീടിനുള്ളിൽ ഉണ്ടെന്നു തന്നെ അവനു തോന്നി.

അയൽക്കാരിൽ കുറേപ്പേർ അപ്പോഴും മുറ്റത്തുണ്ട്.

സുരേഷും ചാണ്ടിയും മാത്യുവും സിദ്ധാർത്ഥിന്റെ അടുത്തേക്കു വന്നു.

''ഇതൊരു വിഷയമാകത്തില്ലേടാ?" മാത്യു തിരക്കി.

''ആകും. ആകണം. എങ്കിലേ പൊതുവഴികൾ ബ്ളോക്കു ചെയ്യുന്ന അവന്റെയൊക്കെ പ്രവണതകൾ ഇല്ലാതെയാകൂ."

സിദ്ധാർത്ഥിനു കൂസലില്ല.

അടുത്ത നിമിഷം ഒരു പോലീസ് വാഹനത്തിന്റെ മൂളൽ.

''അവര് വീണ്ടും വരുന്നു..." മീറ്റർ ചാണ്ടി പുറത്തേക്ക് എത്തി നോക്കി.

''വരട്ടെ."

സിദ്ധാർത്ഥ് വേഗം വേഷം മാറി. രണ്ട് പോലീസ് വാഹനങ്ങൾ റോഡിൽ ബ്രേക്കിട്ടു. അവയിൽ നിന്ന് ഡിവൈ.എസ്.പി അടക്കം പത്തു പോലീസ് ഉദ്യോഗസ്ഥർ ചാടിയിറങ്ങി.

മുറ്റത്തു നിന്നിരുന്നവരുടെ നെറ്റി ചുളിഞ്ഞു.

സിദ്ധാർത്ഥ് സുഹൃത്തുക്കളെ ചില ജോലി പറഞ്ഞേൽപ്പിച്ചു. പിന്നെ മുറ്റത്തേക്കിറങ്ങിവന്നു.

''പോകാം സാറേ..."

അവൻ ഡിവൈ.എസ്.പിയുടെ മുന്നിൽ ചെന്നുനിന്നു.

ഡിവൈ.എസ്.പി ശങ്കർദാസ് അവനെ ആപാദചൂഢം ഒന്നു നോക്കി. പിന്നെ എസ്.ഐയോടു കൽപ്പിച്ചു.

''ടേക്ക് ഹിം."

സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് ദൃഷ്ടിയുറപ്പിച്ചുകൊണ്ട് ബോബികുര്യൻ അവന്റെ കൈകളിൽ വിലങ്ങണിയിച്ചു.

(തുടരും)