herbert

സിനിമാ - കായിക ലോകത്തുള്ളവരുടെ കട്ട ആരാധകരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഈ ആരാധന അതിന്റെ പരമോന്നതിയിൽ എത്തിയാൽ എങ്ങനെയിരിക്കും.? അതിനുത്തരമാണ് ഹെർബെർട്ട് ഷാവേസ് എന്ന ഫിലിപ്പീൻസ് സ്വദേശി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള കോമിക് കഥാപാത്രമായ സൂപ്പർമാന്റെ കടുത്ത ആരാധകനാണ് ഷാവേസ്.

അഞ്ചാം വയസ് മുതൽ സൂപ്പർമാൻ എന്ന കഥാപാത്രത്തെ മനസിൽ കൊണ്ടുനടക്കുന്ന ഷാവേസ് ഒടുവിൽ തന്റെ ഇഷ്ട കഥാപാത്രമായ സൂപ്പർമാൻ ആയി മാറാൻ സ്വയം തീരുമാനിച്ചു. ഇതിനായി ഷാവേസ് മുടക്കിയത് 300,000 പെസോ (ഏകദേശം 44,00,00 രൂപ ) ആണ്. 16 വർഷങ്ങൾക്കിടെ സങ്കീർണമായ ഇരുപതിലേറെ പ്ലാസ്റ്റിക്സർജറികൾ ഷാവേസ് ചെയ്തു കഴിഞ്ഞു. ശരീരത്തിൽ പ്രത്യേക ഇംപ്ലാന്റുകൾ വേറെയും. സൂപ്പർമാന്റെ രൂപം നിലനിറുത്താനായി ഇനിയും രൂപമാറ്റം വരുത്താനും ശസ്ത്രക്രിയകൾക്ക് വിധേയനാകാനും 42കാരനായ ഷാവേസിന് മടിയില്ല.

സൂപ്പർമാന്റെ ഏറ്റവും വലിയ കളക്ഷൻ സൂക്ഷിച്ച് വച്ച് 2013ൽ ഗിന്നസ് ബുക്കിലും ഷാവേസ് ഇടം നേടിയിരുന്നു. സൂപ്പർമാനുമായി ബന്ധപ്പെട്ട 1,500ഓളം വസ്‌തുക്കളാണ് ഷാവേസിന്റെ ശേഖരത്തിലുള്ളത്. ലക്ഷക്കണക്കിന് വിലവരുന്ന സൂപ്പർമാൻ പാവകളും പ്രതിമകളും മോതിരങ്ങളും മറ്റും ഷാവേസിന്റെ കൈയ്യിലുണ്ട്. സൂപ്പർമാന്റെ വേഷത്തിൽ നഗരത്തിലെ കുട്ടികൾക്കിടയിൽ ബോധവത്കരണത്തിനായി ഷോവേസ് ഇറങ്ങാറുണ്ട്.