ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്, പൊതുരംഗത്തുള്ള സ്ത്രീകളുടെ കൂട്ടായ്മയാണെങ്കിലും സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ഈ കൂട്ടായ്മയെ വേറിട്ടതാക്കുന്നു. പുരുഷന്മാർ ആധിപത്യം ഉറപ്പിച്ചിരുന്ന മേഖലയിൽ ഇന്ന് വളയിട്ട കൈകൾ ഒത്തൊരുമിച്ചു. ജില്ലയിൽ വിവാഹം, പാലുകാച്ച് ഉൾപ്പടെയുള്ള വിരുന്നു സൽക്കാരവേളയിൽ പെൺപ്പടയുടെ സാന്നിദ്ധ്യം ശ്രദ്ധേയം. ഉഴമലയ്ക്കലിലെ 35 വനിതകളെ ഉൾപ്പെടുത്തി രൂപം നൽകിയ ഈ കൂട്ടായ്മയുടെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്. വയ്പും വിളമ്പും അതിഥികളെ സ്വീകരിക്കുന്നതുൾപ്പടെയുള്ള ഏത് ആഘോഷമായാലും ഇവരുടെ കൈകളിൽ ഭദ്രം. പഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയതോടെ ആളുകളും ഈ ഗ്രൂപ്പിനെ ഇഷ്ടപ്പെടാൻ തുടങ്ങി.
മുന്നേറി വനിത കൂട്ടായ്മ
ജില്ലാ കുടുംബശ്രീ മിഷന്റെ മൈക്രോ എന്റർപ്രൈസസ് പദ്ധതി പ്രകാരമാണ് ഉഴമലയ്ക്കൽ പഞ്ചായത്തിൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുടുംബശ്രീ ജില്ലാമിഷനിൽ ഇത്തരത്തിൽ ഒരു സംരംഭം ആദ്യമാണ്. ചെറിയ തോതിൽ കാറ്ററിംഗ് സംവിധാനവുമായാണ് ഈ കൂട്ടായ്മ ഒരു വർഷം മുൻപ് രംഗത്തെത്തിയത്. ഇതിന് പുറമേയാണ് വിളമ്പലും ഈ വനിതകൾ ഏറ്റെടുത്തത്. കൂട്ടായ്മ ഏറ്റെടുക്കുന്ന ഓർഡറുകൾക്ക് ഓരോ വീടുകളുടേയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് പണം ഈടാക്കുന്നത്. സാമ്പത്തിക പരാധീനതയുള്ള ആളുകളിൽ നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. ചെറിയതോതിലുള്ള കാറ്ററിംഗ് സംവിധാനം ഇപ്പോഴുമുണ്ടെങ്കിലും സർക്കാർ പ്രഖ്യാപിച്ച 25രൂപയ്ക്ക് ഊണ് നൽകാനുള്ള ശ്രമത്തിലാണ് ഇവർ. ഇതിനായി കുറഞ്ഞ ചെലവിൽ ആര്യനാട്-നെടുമങ്ങാട് റോഡിൽ ഒരിടം കിട്ടിയാൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് കൂട്ടായ്മയുടെ പ്രസിഡന്റ് രാഖിയും സെക്രട്ടറി മിനിയും പറഞ്ഞു.
ഉൾപ്പെടുന്ന സ്ത്രീകളുടെ എണ്ണം - 35
ലക്ഷ്യം - സ്ത്രീ ശാക്തീകരണത്തിലൂടെ വരുമാനം കണ്ടെത്തുക