നെയ്യാറ്റിൻകര: ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികളായ അലനും, സഹോദരി അഞ്ജുവിനും കൂട്ടുകാരുടേയും മാനേജ്മെന്റിന്റെയും സ്റ്റാഫംഗങ്ങളുടേയും സഹായത്താൽ 6 സെന്റ് സ്ഥലം വാങ്ങി നൽകി. സ്ക്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാദ്ധ്യക്ഷ ഡബ്ല്യൂ. ആർ.ഹീബയുടെ സാന്നിദ്ധ്യത്തിൽ കെ. ആൻസലൻ എം.എൽ.എ ഭൂമിയുടെ അവകാശരേഖ അലന് കൈമാറി.
ഇരുവരുടേയും മാതാപിതാക്കളായ ചായ്ക്കോട്ടുകോണം കുളത്താമൽ തൊഴുത്തുവാതുക്കൽ വീട്ടിൽ രാജാമണിയും ഭാര്യ ഷീബയും നിത്യരോഗികളാണ്. വർഷങ്ങളായി മറ്റൊരാളിന്റെ പുരയിടത്തിൽ കൂരകെട്ടി കഴിയുകയായിരുന്നു കുടുംബം എന്നാൽ അടുത്തിടെ അവിടെ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ കുടുംബം ആശങ്കയിലായിരുന്നു. തുക സ്ക്കൂൾ മാനേജ്മെന്റും സ്റ്റാഫംഗങ്ങളും നൽകി ഭൂമി ഇടപാട് നടത്തി രേഖ അലന് കൈമാറുകയായിരുന്നു.