vijayan-pillai
Vijayan Pillai

തിരുവനന്തപുരം: അന്തരിച്ച ചവറ എം.എൽ.എ എൻ.വിജയൻ പിള്ളയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് നിയമസഭ ഇന്നലെ പിരിഞ്ഞു.

ചുറ്റുമുള്ളവരിലേക്കു ഊർജം പകർന്ന് സ്വയം വിളക്കായി മാറിയ മനുഷ്യത്വത്തിന്റെ ദീപ്തമായ പ്രതീകമാണ് വിജയൻ പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സമർപ്പിത മനസ്‌കനായ പൊതുപ്രവർത്തകൻ, സ്‌നേഹസമ്പന്നനായ സുഹൃത്ത്, ശ്രദ്ധേയനായ നിയമസഭാ സാമാജികൻ, സ്ഥിരോത്സാഹിയായ വ്യവസായി എന്നിങ്ങനെ വിവിധ തലങ്ങളുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സ്വന്തം ആരോഗ്യനില പോലും മറന്ന് പൊതുപ്രവർത്തന രംഗത്തു വ്യാപരിക്കുന്നതായിരുന്നു രീതി.ഈ സ്‌നേഹവും കരുതലുമാണ് അദ്ദേഹത്തെ ജനങ്ങൾക്കു പ്രിയങ്കരനാക്കിയത്. വിജയൻ പിള്ളയുടെ പൊതുജീവിതത്തിന്റെ തുടക്കം ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിലൂടെയായിരുന്നു. ഒടുക്കവും ചെങ്കൊടി പുതച്ചു കൊണ്ടായി -മുഖ്യമന്ത്രി പറഞ്ഞു.

ചവറയിലെ ആബാലവൃദ്ധം ജനങ്ങൾക്കും വിജയണ്ണനും വിജയൻ കൊച്ചേട്ടനുമായിരുന്നു വിജയൻ പിള്ളയെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറ‌ഞ്ഞു. പിതാവിന്റെ പിന്തുടർച്ചയായി രാഷ്ട്രീയ രംഗത്തും വ്യവസായ രംഗത്തും കഴിവു തെളിയിച്ച നിസ്വാർത്ഥനും ഊർജസ്വലനുമായ നേതാവിനെയാണ് നഷ്ടമായത്. ജനങ്ങളോടെന്നും അടുപ്പം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവായിരുന്നു വിജയൻ പിള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സൗമ്യതയുടെ പ്രതീകമായിരുന്ന നിസ്വാർത്ഥനായ പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. ‌ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ കക്ഷി നേതാക്കളായ ഡോ. എം.കെ.മുനീർ, മാത്യു ടി.തോമസ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അനൂപ് ജേക്കബ്, ഒ.രാജഗോപാൽ, കെ.ബി.ഗണേശ് കുമാർ, കോവൂർ കുഞ്ഞുമോൻ, പി.സി. ജോർജ് എന്നിവരും സംസാരിച്ചു.