കിളിമാനൂർ: നിയമങ്ങൾ കടുകട്ടിയായിട്ടും കക്കൂസ് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും പൊതുനിരത്തുകളിലും തോടുകളിലും മറ്റു ജലസ്രോതസുകളിലും ഒഴുക്കുന്നത് തുടർക്കഥയാകുന്നു. അടയമൺ, കിളിമാനൂർ മേഖലകളിലാണ് കക്കൂസ് മാലിന്യങ്ങൾ ടാങ്കർ ലോറികളിലെത്തിച്ച് നിക്ഷേപിക്കുന്നത്. കഴിഞ്ഞ ദിവസം ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ തെരച്ചിലിലാണ് അടയമൺ പ്രദേശത്തെ ഓടയിൽ കക്കൂസ് മാലിന്യം കണ്ടത്. ഇതേ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും പൊലീസിനും ആരോഗ്യ വകുപ്പിനും പരാതി നൽകി. വർഷങ്ങളായി കിളിമാനൂർ മേഖലയിൽ റോഡരികിലും ഓടകളിലും പുരയിടങ്ങളിലും അനധികൃതമായി ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചാലും പെറ്റികേസെടുത്ത് വിടുകയാണ് പതിവ്. കിളിമാനൂർ മേഖലയിലെ ജലസ്രോതസുകളിൽ നിന്നാണ് ഭൂരിഭാഗം കുടുംബങ്ങളും കുടിവെള്ളം ശേഖരിക്കുന്നത്. എന്നാൽ ഇവ മലിനപ്പെട്ടതറിയാതെ ജനം ഈ കുടിവെള്ളം ഉപയോഗിക്കുന്നതിനാൽ പലർക്കും വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടുന്നുണ്ട്. അസുഖ ബാധയെ തുടർന്ന് ആശുപത്രികളിൽ എത്തുമ്പോഴാണ് മലിനജലമാണ് കാരണമെന്ന് ഇവർ തിരിച്ചറിയുന്നത്. ഇതിന് തടയിടാൻ ആരോഗ്യ വകുപ്പോ പഞ്ചായത്ത് അധികൃതരോ ശ്രമിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.