തിരുവനന്തപുരം:പൊങ്കാലപ്പിറ്റേന്ന് ദേവിയുടെ പുറത്തെഴുന്നള്ളിപ്പും ഗുരുസിയും കഴിഞ്ഞ് കാപ്പഴിച്ചതോടെ ആറ്റുകാൽ ക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവത്തിന് സമാപനമായി. തിങ്കളാഴ്ച രാത്രിയായിരുന്നു പ്രസിദ്ധമായ കുത്തിയോട്ടം. ഇതിന് മുമ്പായി കുത്തിയോട്ടക്കാർക്ക് ചൂരൽക്കുത്ത് ചടങ്ങ് നടന്നു. 830 ബാലൻമാർ വ്രതാനുഷ്ഠാനം പൂർത്തിയാക്കി ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് ഭടൻമാരായി. പൊങ്കാലയിൽ സംപ്രീതയായ ദേവിയെ തിങ്കളാഴ്ച രാത്രി പത്തരയോടെ പുറത്തെഴുന്നള്ളിച്ചു. ഘോഷയാത്ര ഇന്നലെ പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ സമാപിച്ചു. അകത്തെഴുന്നള്ളത്തിപ്പ് ഉച്ചയോടെ പൂർത്തിയായി. ഗജരാജൻ പാമ്പാടി രാജനാണ് ദേവിയുടെ തിടമ്പേറ്റിയത്. വാദ്യമേളങ്ങളും ദീപാലങ്കാരങ്ങളും വാദ്യങ്ങളും യാത്രയ്ക്ക് കൊഴുപ്പേകി. വഴിനീളെ ആയിരങ്ങൾ നിലവിളക്കും നിറപറയും വച്ച് ദേവിയെ എതിരേറ്റു. രാത്രി ഒൻപതരയോടെ കാപ്പഴിപ്പ് ചടങ്ങും കഴിഞ്ഞ് കുരുതിതർപ്പണം നടത്തിയതോടെ പൊങ്കാല മഹോത്സവത്തിന് സമാപനമായി. മനമുരുകി പ്രാർത്ഥിച്ച് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ആത്മനിർവൃതിയോടെയാണ് ഭക്തലക്ഷങ്ങൾ മടങ്ങിയത്. ഇനി അടുത്ത പൊങ്കാലയ്ക്കായി ഒരു വർഷത്തെ കാത്തിരിപ്പാണ്.