തിരുവനന്തപുരം: ചട്ടമ്പിസ്വാമി ക്ഷേത്രവും തീർത്ഥപാദ മണ്ഡപവും ചട്ടമ്പിസ്വാമി സ്‌മാരക സംരക്ഷണ സമിതിക്ക് തിരികെ നൽകണമെന്ന് ഒ.രാജഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു. നവോത്ഥാന നായകനായ ചട്ടമ്പി സ്വാമികൾക്ക് ഉചിതമായ സ്‌മാരകം പണിയേണ്ടത് നമ്മുടെ ആവശ്യമാണെന്നും ബഹുജന പ്രക്ഷോഭമുണ്ടായാലേ ഇതിന് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചട്ടമ്പിസ്വാമി ക്ഷേത്രവും തീർത്ഥപാദ മണ്ഡപവും തിരികെ നൽകണമെന്നാവശ്യപ്പെട്ട് തീർത്ഥപാദ മണ്ഡപത്തിന് മുന്നിൽ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ജനതയുടെ ആഗ്രഹമാണ് ചട്ടമ്പി സ്വാമികളുടെ സ്‌മാരകം നിർമ്മിക്കുകയെന്നത്. ഇന്നലെ അതിന്റെ ശിലാസ്ഥാപനം നടത്താൻ മുഖ്യമന്ത്രി എത്താമെന്നും പറഞ്ഞിരുന്നതാണ്. എന്നാൽ റവന്യൂ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രവും തീർത്ഥപാദമണ്ഡപവും ഏകപക്ഷീയമായി പിടിച്ചെടുക്കുകയായിരുന്നു. ഹിന്ദു വിരുദ്ധ സമീപനമാണ് സർക്കാരിന്റേതെന്നും രാജഗോപാൽ പറഞ്ഞു.
വിദ്യാധിരാജ സഭ പ്രസിഡന്റ് കെ. രാമൻപിള്ള അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. അജയകുമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി വെങ്കിടേശ്, ബി.ജെ.പി നഗരസഭ കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ, ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സന്ദീപ് തമ്പാനൂർ, സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദ, സ്വാമി അഭയാനന്ദ തീർത്ഥപാദ, ക്ഷേത്ര സംരക്ഷണസമിതി ജില്ലാപ്രസിഡന്റ് ഷാജു വേണുഗോപാൽ, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശ്, പി. അശോക് കുമാർ, മണ്ണടി പൊന്നമ്മ എന്നിവർ സംസാരിച്ചു.