വക്കം: കൊറോണ വൈറസ് പ്രതിരോധത്തിന് വക്കത്ത് വിപുലമായ മുന്നൊരുക്കം. ഇന്നലെ വക്കം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ ആവശ്യമായ കരുതൽ നടപടികൾക്ക് രൂപം നൽകി. വ്യാപകമായ ബോധവത്കരണം, ഹെൽപ്പ് ഡെസ്ക്, ആളുകൾ കൂടുന്ന സ്ഥലത്ത് കരുതൽ നടപടികൾ എന്നിവ ഏർപ്പെടുത്തും. ആരോഗ്യപ്രവർത്തകർക്ക് പുറമേ ആശാവർക്കർമാരും സജീവ പങ്കാളികളാകും. നിരവധി വിദേശികളെത്തുന്ന പൊന്നിൻ തുരുത്തിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും. കഴിഞ്ഞ ദിവസം സൗദിഅറേബ്യയിൽ നിന്നെത്തിയ യുവതിയെ ജനറൽ ആശുപത്രിയിലും, പൊന്നിൻതുരുത്തിലെ ബോട്ട് ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിശോധിച്ച് രക്തസാമ്പിൾ എടുത്ത ശേഷം വിട്ടയച്ചിരുന്നു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണു, സെക്രട്ടറി അനിത, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.