pozhiyoor

പാറശാല: മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പൊഴിയൂരിലെ ജനങ്ങൾ ഭീതിയിലാണ് ഇപ്പോൾ കഴിയുന്നത്. അതിർത്തിക്കപ്പുറം തമിഴ്നാട് ഭാഗത്തെ അശാസ്ത്രിയ പുലിമുട്ട് നിർമ്മാണം കാരണം ഇവിടുത്തെ തീരം കടലെടുക്കുകയാണെന്നാണ് പരാതി. കേരളത്തിന്റെ തെക്കൻ അതിർത്തിയിലെ ഗ്രാമ പഞ്ചായത്ത് ആയ കുളത്തൂരിലെ തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ മേഖലകളിലെ കിലോമീറ്ററോളം തീരങ്ങൾ ആണ് ശക്തമായ തിരമാലകൾ കാരണം കടൽ കയറി ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപാണ് തമിഴ്നാട് സർക്കാർ എഴുപത്തഞ്ച് മീറ്ററോളം ദൂരത്ത് പുലിമുട്ട് നിർമ്മാണം ആരംഭിച്ചത്. തീരത്ത് കല്ലുകൾ അടുക്കിയതോടെ സമീപ പ്രദേശങ്ങളിൽ കടൽ കയറാൻ തുടങ്ങിയതും തിരമാലകൾ ശക്തമായതും കാരണം പ്രദേശത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് വള്ളമിറക്കാൻ കഴിയാതെ വന്നിട്ടുണ്ട്. മഴക്കാലങ്ങളിൽ മാത്രം ശക്തമായ തിരമാലകളും കടൽ കയറ്റവും ശക്തമാകാറുള്ള ഇവിടെ ഇപ്പോൾ വേനലിലും തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയും തീരം കാർന്നെടുക്കുകയുമാണ്.

പരാതികൾ മുറപോലെ

മത്സ്യബന്ധനം ജീവനോപാതിയാക്കി മാറ്റിയ മത്സ്യത്തൊഴിലാളികളുടെ വീടുകൾ നിൽക്കുന്നത് മിക്കതും കടൽത്തീരത്തോട് ചേർന്നാണ്. ഇത്തരത്തിൽ കടൽ കയറാൻ തുടങ്ങിയാൽ മൺസൂൺ സീസൺ ആരംഭിക്കുന്നതോടെ പ്രദേശത്തെ കടൽത്തീരത്തിന്റെയും വീടുകളുടെയും നല്ലൊരു ഭാഗം തന്നെ ഇല്ലാതാവുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ജനങ്ങളുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാരും തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ അധികൃതരുടെ നേതൃത്വത്തിലും മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, മറ്റ് റവന്യൂ അധികൃതർക്കും പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും യാതോരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്തെ കുറച്ച് ഭാഗങ്ങളിൽ കടൽ ഭിത്തി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന് മുകളിലൂടെയാണ് തീരത്തടിക്കുന്നത്.ഇത്തരത്തിൽ തിരയടിക്കുകയാണെങ്കിൽ തീരം ഇടിഞ്ഞ് കടൽ കയറുമെന്നത് ഉറപ്പ്

കടൽ ഭിത്തി കൂടുതൽ ശക്തിപ്പെടുത്തി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പൊഴിയൂരിൽ ആരംഭിക്കാനിരിക്കുന്ന ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണം അടിയന്തരമായി ആരംഭിണം.