photo

നെടുമങ്ങാട്: ഒരു കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ അമ്മ ദൈവങ്ങളുടെ അനുഗ്രഹിച്ച് എഴുന്നള്ളത്ത് നേരിൽക്കണ്ട് ധന്യതയോടെ നെടുമങ്ങാട് നിവാസികൾ. നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി ഉടവാളും ത്രിശൂലവുമായി കോയിക്കൽ മഹാദേവ ക്ഷത്രത്തിലേയ്ക്ക് എഴുന്നള്ളിയ അമ്മമാർ ഭക്തരുടെ ശത്രുദോഷം അകറ്റി കുത്തിയോട്ടക്കാർക്കൊപ്പം ക്ഷേത്രങ്ങളിൽ തിരികെ പ്രവേശിച്ചു. ചൂരൽ കുത്തി കോപിഷ്ഠരായ അമ്മമാർ കൊഴുന്നു നിറച്ച പൂക്കൂടകളുമായി എത്തിയ ബാലികമാരെ ഭസ്മമിട്ട് അനുഗ്രഹിച്ചു. രാത്രി എട്ടോടെ മേലാങ്കോട് ദേവിയും എട്ടരയ്ക്ക് മുത്തുമാരിയമ്മനും ഒമ്പതരയോടെ മുത്താരമ്മനും എഴുന്നള്ളി. മുത്തുമാരിയമ്മൻ കച്ചേരി ജംഗ്‌ഷൻ ചുറ്റി നേർച്ചക്കാരോടൊപ്പം ക്ഷേത്രത്തിലേയ്ക്ക് മടങ്ങി. മൂന്ന് ഭാഗങ്ങളായാണ് ക്ഷേത്രങ്ങളിൽ ഓട്ടം ചമയ ഘോഷയാത്രകൾ അരങ്ങേറിയത്. ശത്രുദോഷം അകറ്റാൻ ശയന പ്രദക്ഷിണമായിരുന്നു ആദ്യം. ഉരുൾ നടത്തിയവരെ രക്ഷിക്കാനാണ്‌ ദേവിമാർ കുത്തിയോട്ടക്കാരെ ക്ഷേത്രത്തിലെത്തിച്ച് ചൂരൽകുത്തി നിണമണിയിച്ചത്. ചമയ ഘോഷയാത്രയ്ക്ക് ഇടയിൽ ദേവിമാർ പരസ്പരം ക്ഷേത്രങ്ങൾ വലംവയ്ക്കുകയും ചെയ്തു. ഈ അപൂർവ സംഗമത്തിനും എഴുന്നള്ളത്തിനും ഇനി അടുത്ത കുംഭത്തിലെ അവസാന ചൊവാഴ്ച വരെ കാത്തിരിക്കണം.

മേലാംകോട് ദേവി ക്ഷേത്രം

കോയിക്കൽ ശിവക്ഷേത്രത്തിൽ നിന്ന് ഓട്ടം, പൂമാല ആരംഭിച്ചു. തന്ത്രി ബ്രഹ്മശ്രീ ആറ്റുവാശേരി ഗണപതി പോറ്റിയും മേൽശാന്തി ബ്രഹ്മശ്രീ ഗോവിന്ദൻ പോറ്റിയും കാർമ്മികരായി. ട്രസ്റ്റ് പ്രസിഡന്റ് ജെ. കൃഷ്ണകുമാർ, സെക്രട്ടറി ബി. പ്രവീൺകുമാർ, ട്രഷറർ പി. ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

 മുത്തുമാരിയമ്മൻ ദേവസ്ഥാനം

ചപ്രംപുറത്തെഴുന്നള്ളിപ്പിനു ശേഷം കുത്തിയോട്ടത്തിന് തിരിതെളിഞ്ഞു. ദേവസ്ഥാനം പ്രസിഡന്റ് എസ്. മുരുകൻ, സെക്രട്ടറി എ. ഹരികുമാർ, ട്രഷറർ എ. വിജയകുമാർ, രക്ഷാധികാരി അപ്പു ആചാരി, എ. വിജയകുമാർ, സി.ആർ. മധുലാൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 4.30 ന് മുത്തെടുപ്പ്, 8.30ന് വിൽപ്പാട്ട്, 9.30ന് നെയ്യാണ്ടിമേളം, കുംഭ ഡാൻസ് 12ന് മഞ്ഞനീരാട്ട്.

മുത്താരമ്മൻ ക്ഷേത്രം

ആനപ്പുറത്തെഴുന്നള്ളത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തന്ത്രി അത്തിയമഠം കൃഷ്ണപ്രശാന്ത്, ട്രസ്റ്റ് പ്രസിഡന്റ് പി. രാമചന്ദ്രൻ പിള്ള, സെക്രട്ടറി എം. നടരാജപിള്ള, കൗൺസിലർ ടി. അർജുനൻ, സി. മനോന്മണീ അമ്മാൾ, സുരേഷ്‌കുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 3ന് മുത്തെടുപ്പ്, വൈകിട്ട് 5ന് വിൽപ്പാട്ട്,10ന് കാക്കാരിശി നാടകം. 4ന് അമ്മ വെളിപാട്.