ldf
ldf

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും,​ പൗരത്വ നിയമ ഭേദഗതിക്കുമെതിരെ പ്രഖ്യാപിച്ച സമരപരിപാടികൾ മാറ്റിവയ്ക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനം.കൊറോണ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണിത്.കൊറോണ വ്യാപനം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച പരിപാടികൾക്ക് ബഹുജന പിന്തുണ ഉറപ്പാക്കും.

ഈ മാസം ഇരുപത് വരെ നടത്താനിരുന്ന ഗൃഹസന്ദർശന പരിപാടികളും ഭഗത് സിംഗ് രക്തസാക്ഷിദിനമായ 23ന് പഞ്ചായത്ത് തലങ്ങളിൽ നിശ്ചയിച്ച ഭരണഘടനാസംരക്ഷണ പരിപാടികളുമാണ് മാറ്റിവച്ചത്. എന്നാൽ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സമൂഹത്തെ വർഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള തീവ്ര ഹിന്ദുത്വ അജൻഡയ്ക്കെതിരെ സർക്കാർ നടത്തുന്ന പ്രചാരണ പരിപാടിയിൽ നിന്ന് മാറിനിൽക്കുന്ന യു.ഡി.എഫ് നിലപാട് വഞ്ചനാപരമാണ്. സംഘപരിവാർ ഭീഷണിക്കെതിരെ എല്ലാവരെയും യോജിപ്പിക്കാൻ പിന്തുണ നൽകുന്നതിന് പകരം വർഗീയ ഭിന്നിപ്പിന്റെ ഗുണഭോക്താക്കളാകാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. സെൻസസുമായി നിസ്സഹകരിക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ തീരുമാനത്തിനൊപ്പം മുസ്ലിംലീഗും നിൽക്കുകയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

സർക്കാരിന്റെ പന്ത്രണ്ടിന അതിവേഗ വികസന പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിലവതരിപ്പിച്ചു. കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങാനും തീരുമാനിച്ചു.

എൻ.സി.പി നേതൃത്വം കൂടിയാലോചിച്ച് എത്രയും വേഗം സ്ഥാനാർത്ഥിയെ കണ്ടെത്തും. സ്ഥാനാർത്ഥിയായി എൻ.സി.പി ആരെ നിശ്ചയിച്ചാലും മുന്നണി പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.