തിരുവനന്തപുരം: ഇത്തവണ കുറച്ച് ഗമയോടെയാണ് കാർത്യായനിഅമ്മ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിയെ കണ്ടൊന്നു വണങ്ങിയ ശേഷം കൈയിൽ നിധിപോലെ കരുതിയ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് നേരെ നീട്ടി പറഞ്ഞു, 'ഇതാ പിടിച്ചാട്ടേ സാറേ, ഇതു സാറിനുള്ളതാണ്, സാറല്ലേ എനിക്ക് ആദ്യമായി സർട്ടിഫിക്കറ്റ് തന്നത്'. രാജ്യത്ത് വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നു ഏറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രിയെ കാണാനെത്തിയതായിരുന്നു കാർത്ത്യായനിഅമ്മ.
ഞാൻ അന്നേ പറഞ്ഞതല്ലേ, മിടുമിടുക്കിയാണെന്ന്. കിട്ടിയ ബഹുമതി കൈയിൽ വച്ചാൽ മതി, അത് അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പുരസ്കാരം തിരികെ നൽകി. കാർത്യായനിഅമ്മയുടെ കമ്പ്യൂട്ടർ പഠനത്തെപ്പറ്റിയും അദ്ദേഹം അന്വേഷിച്ചു. എല്ലാ ദിവസവും കമ്പ്യൂട്ടർ പഠിക്കുന്നുണ്ടെന്ന് മറുപടിയും വന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോഗ്യം നിലനിറുത്താനുള്ള പൊടിക്കൈകളും ഉപദേശിച്ച ശേഷമാണ് അമ്മൂമ്മ മടങ്ങിയത്. അരിയും ചേനയും കുറച്ച് ഉലുവയും ചേർത്തരച്ച ദോശ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് കാർത്യായനിഅമ്മ പറഞ്ഞത്.
ഇൗപ്രായത്തിലും നല്ല സ്മാർട്ടാണല്ലോയെന്ന മന്ത്രി എം.എം. മണിയുടെ ചോദ്യത്തിന് സാറിനെ ടി.വിയിൽ കണ്ടിട്ടുണ്ട്. സാറും നല്ല സ്മാർട്ടാണല്ലോ എന്നായിരുന്നു മറുപടി.
സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകലയ്‌ക്കൊപ്പമാണ് കാർത്യായനിഅമ്മ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സാക്ഷരതാ പ്രേരക് സതിയും ഒപ്പമുണ്ടായിരുന്നു. 2018 ആഗസ്റ്റിലാണ് 96കാരിയായ കാർത്യായനിഅമ്മ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ചത്.