ldf

തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് ,​കേരള കോൺഗ്രസ് -ജോസഫ് പക്ഷത്തോടൊപ്പം പോകാൻ തീരുമാനിച്ചെങ്കിലും ഇന്നലെ ഇടതുമുന്നണി യോഗത്തിൽ ചർച്ചയായില്ല. ഫ്രാൻസിസ് ജോർജ് യോഗത്തിന് എത്തിയതുമില്ല. ഫ്രാൻസിസ് ജോർജിന്റെ തീരുമാനത്തോട് വിയോജിപ്പുള്ള ആന്റണി രാജുവും ഡോ. കെ.സി. ജോസഫുമാണ് പാർട്ടിയെ പ്രതിനിധീകരിച്ചത്. ആരും വിഷയമുന്നയിച്ചില്ല.

14ന് ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജെ. ജോസഫുമായുള്ള ലയന തീരുമാനമുണ്ടാകുമെന്നാണ് ഫ്രാൻസിസ് ജോർജ് പറയുന്നത്. എന്നാൽ,​ പാർട്ടി ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് ആന്റണിരാജു, ഡോ.കെ.സി. ജോസഫ്, പി.സി. ജോസഫ് എന്നിവർ പറയുന്നു. ഈ പാർട്ടിയും പിളർപ്പിലേക്ക് നീങ്ങുകയാണ്.

കുട്ടനാടിന് പകരം മൂവാറ്റുപുഴ കോൺഗ്രസിൽ നിന്ന് ജോസഫ് ഗ്രൂപ്പിന് കിട്ടുമെന്നും,​ അടുത്ത തിരഞ്ഞെടുപ്പിൽ അവിടെ സ്ഥാനാർത്ഥിയാകാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഫ്രാൻസിസ് ജോർജെന്നാണ് ആന്റണിരാജു അടക്കമുള്ളവർ പറയുന്നത്. മൂവാറ്റുപുഴയ്ക്ക് ചുറ്റിലുമുള്ള ഒമ്പത് മണ്ഡലങ്ങളിലും ഇപ്പോൾ മത്സരിക്കുന്നത് കേരള കോൺഗ്രസാണ്. മൂവാറ്റുപുഴ മാത്രമാണ് കോൺഗ്രസിനുള്ളത്. ഇത് കൂടി കേരള കോൺഗ്രസിലെ ഒരു ഗ്രൂപ്പിന് കൈമാറാൻ സാദ്ധ്യതയില്ല.അതിനാൽ,​ ഫ്രാൻസിസ് ജോർജിന്റെ നീക്കം ആത്മഹത്യാപരമാണെന്ന് അവർ കരുതുന്നു.