തിരുവനന്തപുരം : യൂത്ത് കോൺഗ്രസുകാർ മാതൃകയാക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യമാരെയല്ല , ശരത് ലാൽ കൃപേഷുമാരെയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഇന്നലെ സ്ഥാനമേറ്റ ഷാഫിപറമ്പിൽ എം.എൽ.എ പറഞ്ഞു.
സകല സൗഭാഗ്യങ്ങളും നേടിയ ശേഷം കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് പുറത്തുപോകാൻ കേരളത്തിലെ കോൺഗ്രസുകാർ ശ്രമിക്കില്ല. ഡൽഹിയിലെ തെരുവുകളിൽ ആളെക്കൊല്ലാനായി പെട്രോൾ ബോംബും കഠാരയുമായി ചിലരെല്ലാം ചെറുപ്പക്കാരെ പറഞ്ഞുവിടുമ്പോൾ അവരുടെ കൈയിൽ ഇന്ത്യൻ ഭരണഘടന നൽകാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നത്.കേരളത്തിലെ രാഷ്ട്രീയ ഫാസിസത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുമാണ് . വിമർശനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്രമോദിക്കും പിണറായി വിജയനും ഒരേ നിലപാടാണ്. യൂത്ത് കോൺഗ്രസിൽ രണ്ട് മാസത്തിനകം പുനഃസംഘടനയും മൂന്നു മാസത്തിനകം വാർഡുതല കമ്മിറ്റികളും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് .ശബരിനാഥൻ എം.എൽ.എ , റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എൻ.എസ് . നുസൂർ, എസ് .ജെ.പ്രേംരാജ്, എസ് .എം ബാലു, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവരും ചുമതലയേറ്റു.
തിരുത്തൽ
ശക്തിയാവണം
നിലപാടുകളിൽ ഉറച്ച് നിന്നും, ആദർശം കൈവിടാതെയും തിരുത്തൽ ശക്തിയായി പ്രവർത്തിക്കാനുള്ള ബദ്ധ്യത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുണ്ടെന്ന് ചുമതലയേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കോൺഗ്രസിൽ നിന്ന് പേരും പെരുമയും സ്വന്തമാക്കിയ ശേഷം അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി പാർട്ടിയെ ചതിക്കുന്നവരല്ല കേരളത്തിലെ കോൺഗ്രസുകാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.