corona-virus
CORONA,CORONA DEATH,CHINA,JAPPAN,CANADA

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നതിനിടെ,​ സംസ്ഥാനത്ത് മാസ്‌കുകൾക്ക് കടുത്ത ക്ഷാമം. അഞ്ചിരട്ടി വരെ വിലയും ഉയർന്നു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കൊള്ള വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്.

മാസ്‌കുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നാണ് ഇന്ത്യയിൽ എത്തിയിരുന്നത്. ചൈനയിൽ കൊറോണ പടർന്നുപിടിച്ചതോടെ അസംസ‌്‌കൃത വസ്തുക്കളുടെ കയറ്റുമതി കുറഞ്ഞതാണ് വില വർദ്ധിക്കാനിടയാക്കിയത്. ഇതോടെ,​ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കൊച്ചിയിലെ മാസ്‌ക് മൊത്തവിതരണ കേന്ദ്രങ്ങളിൽ ഇന്നലെ പരിശോധന നടത്തി. ഡിസംബറിൽ 100 മാസ‌്‌കുകൾക്ക് 370 രൂപയായിരുന്നത് ഇപ്പോൾ 2000 രൂപ വരെയായി ഉയർന്നിട്ടുണ്ട്. മൊത്തവിതരണക്കാർ വില ഉയർത്തിയതാണ് റീട്ടെയിൽ വിപണിയിൽ വില ഉയരാൻ ഇടയാക്കിയത്. സർജിക്കൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവരാണ് മാസ്‌കുകളുടെ ഡീലർമാർ. മാസ്‌കുകൾ പൂഴ്‌ത്തിവച്ചാൽ നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നാല് രൂപ വിലയുണ്ടായിരുന്ന 2 ലെയർ മാസ്‌കുകൾക്ക് 10 മുതൽ 20 രൂപ വരെയായി. 10 രൂപയുടെ 3 ലെയർ മാസ്‌കിന് 25 - 35 രൂപയാണ് വില. 40 രൂപ വിലയുണ്ടായിരുന്ന എൻ 95 മാസ്‌കുകൾക്ക് 80 മുതൽ 200 രൂപ വരെ വിലയുണ്ട്. ഓൺലൈൻ സ്റ്റോറുകളിൽ 500 മുതൽ 1000 രൂപ വരെയാണ് എൻ 95 മാസ്‌കിന്റെ വില.സർജിക്കൽ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിൽ 180 - 300 രൂപയ്ക്കാണ് എൻ 95 മാസ്‌കുകൾ വിൽക്കുന്നത്. കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്നതോടെ മെഡിക്കൽ സ്റ്റോറുകളിൽ നൂറുകണക്കിന് പേരാണ് ദിവസേന മാസ്‌കുകൾ വാങ്ങാനെത്തുന്നത്. മാസ്‌കുകൾക്കൊപ്പം ഹാൻഡ് സാനിറ്റൈസറുകൾക്കും ക്ഷാമമുണ്ട്. 400 മുതൽ 500 രൂപ വരെയാണ് വിപണിയിലെ വില. ചെറിയ കുപ്പികളിലുള്ള ഹാൻഡ് സാനിറ്റൈസറുകൾക്ക് 80 - 130 രൂപ വരെ വിലയുണ്ട്.ഡീലർമാർ വ്യാപകമായി പൂഴ്‌ത്തിവച്ച് മാസ്‌കുകൾക്ക് വില വർദ്ധിപ്പിക്കുന്നുവെന്ന് ആൾ കേരള കെമിസ്‌റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ ആരോപിച്ചു.