medical-college-road

ഉള്ളൂർ: മാസ്റ്റർപ്ലാനിന്റെ ഭാഗമായി മെഡിക്കൽ കോളേജ് കാമ്പസിൽ നടപ്പാക്കുന്ന റോഡുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. മെയിൻഗേറ്റ് മുതൽ ആരംഭിക്കുന്ന റോഡുകളുടെ വീതികൂട്ടലും ടാറിംഗും നടപ്പാത നിർമ്മാണത്തോടൊപ്പം നടപ്പാതയിലെ മേൽക്കൂര നിർമ്മാണവുമാണ് പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ കാമ്പസിനുള്ളിലെ പ്രധാനപ്പെട്ട റോഡുകളുടെ വികസനം പൂർത്തിയാകും. പുതിയ അത്യാഹിതവിഭാഗം പ്രവർത്തനക്ഷമമാകുന്നതോടെ വാഹനഗതാഗതവും കുറേക്കൂടി സൗകര്യപ്രദമാകും. മൂന്ന് മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനമാണ് കാമ്പസിനുള്ളിൽ ആരംഭിക്കുന്നത്. അതിൽ ഒരെണ്ണത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. ഇവ കൂടി പൂർത്തിയാകുന്നതോടെ വാഹനപാർക്കിംഗ് പ്രശ്‌നങ്ങൾക്കും പരിഹാരമാകും. മാസ്റ്റർപ്ലാനിന്റെ ഭാഗമായി നടക്കുന്ന 717 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ കൃത്യസമയത്ത് യാഥാർത്ഥ്യമാക്കാൻ മന്ത്രി കെ.കെ. ശൈലജ,​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ

നേതൃത്വത്തിൽ നിരന്തരം അവലോകനയോഗങ്ങൾ ചേരുന്നുണ്ട്.

നിർമ്മാണം അതിവേഗത്തിൽ

----------------------------------------------

കാമ്പസിനുള്ളിലെ ആറുറോഡുകളാണ് വീതികൂട്ടി ഗതാഗതസൗകര്യം വർദ്ധിപ്പിക്കുന്നത്. പ്രധാന ഗേറ്റ് മുതൽ അമ്മയും കുഞ്ഞും പ്രതിമ വരെ റോഡ് മൂന്നുവരിപ്പാതയാണ്. മറ്റ് റോഡുകൾ രണ്ടുവരിയും. എല്ലാ റോഡുകളുടെ ഇരുവശത്തും നടപ്പാതയുണ്ട്. മിക്കവാറും റോഡുകളുടെ ടാറിംഗ് പൂർത്തിയായിക്കഴിഞ്ഞു. ശ്രീ ചിത്രയ്‌ക്ക് സമീപത്തായി ഒരു ബസ് ബേയും നിർമ്മിക്കും. ആശുപത്രിക്കുള്ളിൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തിയതിനാൽ അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡിലെ തിരക്ക് ഒഴിവാക്കാനായിട്ടുണ്ട്. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ ശക്തമായ നടപടികളും സ്വീകരിച്ചു. മൂന്നുവരി റോഡിന് 12 മീറ്ററാണ് വീതി. രണ്ടുവരി റോഡിന് എട്ടുമീറ്ററും.


റോഡിന്റെ വീതി - 12 മീറ്റർ,​ 8 മീറ്റർ

മാസ്റ്റർപ്ലാൻ തുക - 717 കോടി

നിർമ്മാണം നടക്കുന്നത് - 6 റോഡുകൾ

റോഡ് നിർമ്മാണം പൂർത്തിയായാൽ

---------------------------------------------------

 വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാം

 കാൽനട യാത്രക്കാർക്ക് അപകട ഭീതിയൊഴിയും

 വാഹനപാർക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ

 കാമ്പസിനുള്ളിലെ വാഹനത്തിരക്ക് നിയന്ത്രിക്കാം

 റോഡുകളിൽ മികച്ച യാത്രാസൗകര്യം സാദ്ധ്യം