തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് തുടക്കമായി. മൊത്തം 13.74 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. ഇതാദ്യമായി മൂന്ന് പരീക്ഷകളും ഒരേസമയം രാവിലെയാണ് നടക്കുന്നത്. ഹയർസെക്കൻഡറിക്കൊപ്പം രാവിലെ എസ്.എസ്.എൽ.സി പരീക്ഷയും നടത്തുന്നതിനാൽ ഏറെ കരുതലോടെയായിരുന്നു പരീക്ഷാകേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ. രാവിലെ 9.45നാണ് പരീക്ഷ ആരംഭിച്ചത്.
എസ്.എസ്.എൽ.സിയുടെ ആദ്യദിനത്തിൽ ഒന്നാം ഭാഷ പാർട്ട് ഒന്ന് മലയാളം ചോദ്യങ്ങൾ എളുപ്പമായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ അദ്ധ്യാപകരുടേയും അഭിപ്രായം. ഒന്നാംഭാഷ അറബി ചോദ്യങ്ങൾ വിദ്യാർത്ഥികളെ കുഴക്കി. ഇന്ന് ഒന്നാം ഭാഷ പാർട്ട് രണ്ടിന്റെ പരീക്ഷ നടക്കും.
പ്ലസ്ടുവിന് പാർട്ട്-2 ഭാഷ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷകളാണ് ഇന്നലെ നടന്നത്. പരീക്ഷകൾ പൊതുവിൽ വിദ്യാർത്ഥികളെ വലച്ചില്ല. എന്നാൽ ഐ എക്സാം സോഫ്ട്‌വെയറിലെ പ്രശ്നം കാരണം പരീക്ഷാ നടപടികൾ പൂർത്തീകരിക്കാൻ പ്രയാസപ്പെട്ടത് പരീക്ഷാച്ചുമതലയുള്ള അദ്ധ്യാപകരെ ബുദ്ധിമുട്ടിലാക്കി.
സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയായിരുന്നു പരീക്ഷാ നടത്തിപ്പ്. രോഗബാധിത പ്രദേശങ്ങളിലുള്ള സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് മാസ്‌ക് നൽകി.
സംസ്ഥാനത്താകെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെയും ഗൾഫിലെയും ഒമ്പത് വീതം കേന്ദ്രങ്ങളിലുമായി 42,42,14 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 2009 കേന്ദ്രങ്ങളിലായി 45,25,72 കുട്ടികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്. 389 കേന്ദ്രങ്ങളിലായി 29178 പേരാണ് രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്നത്.