laptop

തിരുവനന്തപുരം: സോഫ്‌ട്‌വെയർ തകരാറ് കാരണം ഹയർസെക്കൻഡറി പരീക്ഷാ നടപടികൾ താറുമാറിലായി. പരീക്ഷാ നടത്തിപ്പിനായുള്ള ഐ എക്സാംസ് എന്ന സോഫ്‌ട്‌വെയർ പണിമുടക്കിയതാണ് പ്ലസ് വൺ, പ്ലസ്ടു പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അദ്ധ്യാപകരെ വലച്ചത്. പരീക്ഷകൾ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഉത്തരക്കടലാസുകൾ പായ്ക്ക് ചെയ്യാനാകാതെ പരീക്ഷാ ചീഫ് സൂപ്രണ്ടുമാരും അദ്ധ്യാപകരും കുഴങ്ങി.
പരീക്ഷ തുടങ്ങി രണ്ടു മണിക്കൂറിനു ശേഷമാണ് പരീക്ഷയെഴുതുന്നവരുടെ വിവരങ്ങൾ നൽകാനുള്ള ലിങ്ക് ഓൺലൈനായി ലഭ്യമായത്. ഈ വിവരങ്ങൾ നൽകിയെങ്കിലും പരീക്ഷയ്ക്കു ശേഷം ഉത്തരക്കടലാസുകൾ പായ്ക്ക് ചെയ്യുന്നതിനുള്ള സ്ലിപ്പുകൾ, പായ്ക്കിനു മുകളിൽ പതിക്കാനുള്ള ലേബലുകൾ, ഉത്തരക്കടലാസിനൊപ്പം അയയ്ക്കാനുള്ള മാർക്ക് ലിസ്റ്റുകൾ എന്നിവയൊന്നും ലഭ്യമാകാതെ പരീക്ഷാ സോഫ്‌ട്‌വെയർ തകരാറിലാവുകയായിരുന്നു. ഇതുവരെ വിവരങ്ങൾ പൂർണമായി അപ്‌ലോഡ് ചെയ്യാനായിട്ടില്ല.
അതേസമയം ഇതേ സോഫ്‌ട്‌വെയർ ഉപയോഗിച്ച് നടത്തിയ എസ്.എസ്.എൽ.സി പരീക്ഷാ ജോലികൾ മുടക്കംകൂടാതെ നടന്നു.
പരീക്ഷാ സോഫ്‌ട്‌വെയറിന്റെ പ്രവർത്തനക്ഷമത പരിശോധിക്കാതെ പരീക്ഷാ ദിവസം വളരെ വൈകി മാത്രം ലഭ്യമാക്കിയതാണ് സെർവർ തകരാറിലായി പരീക്ഷാ ജോലികളെ തകിടം മറിച്ചതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ആരോപിച്ചു.