ചിറയിൻകീഴ്: തോട്ടവാരം, അയന്തിക്കടവ്- മേൽകടയ്‌ക്കാവൂർ, തിനവിള, കീഴാറ്റിങ്ങൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് വാമനപുരം നദിക്ക് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. പാലം ഇല്ലാത്തതിനാൽ നിലവിൽ കിലോമീറ്ററുകൾ ചുറ്റി കൊല്ലമ്പുഴ വഴിയോ കടയ്‌ക്കാവൂർ ഓവർ ബ്രിഡ്‌ജ് വഴിയോ ആണ് ജനങ്ങൾ ചിറയൻകീഴിൽ എത്തുന്നത്. ഈ ദൂര വ്യത്യാസം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അടിയന്തര ഘട്ടത്തിൽ എത്തേണ്ട രോഗികൾക്ക് പലപ്പോഴും ശാപമാകാറുണ്ട്. സ്‌കൂളുകളിലേക്ക് പല വിദ്യാർത്ഥികളും കടത്ത് കടന്നാണ് വരുന്നത്. ശാർക്കര ദേവീ ക്ഷേത്രത്തിലേക്ക് വരുന്നവരും കുറവല്ല.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേൽകടയ്‌ക്കാവൂർ, പഴഞ്ചിറ വാർഡുകൾ വാമനപുരം നദിയുടെ അക്കരെ ഭാഗത്താണ്. പാലം വന്നാൽ ഈ വാർഡുകാർക്കും എളുപ്പത്തിൽ താലൂക്ക് ഭരണസിരാകേന്ദ്രവും വാണിജ്യ കേന്ദ്രവുമായ വലിയകട ജംഗ്ഷനിൽ എത്താനാകും.
പാലം വേണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങൾ പഴക്കമുണ്ട്. നാട്ടുകാർ പലവട്ടം പരാതിപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല. വിഷയം ജനപ്രതിനിധികളായ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി, അടൂർ പ്രകാശ് എം.പി എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടു വന്ന് പാലത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ വിജയിപ്പിക്കാനുള്ള പോരാട്ടത്തിലാണ് നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും.