murder

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ എെ.ടി വിദ്യാർത്ഥി ശ്യാമൾ മണ്ഡലിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ പ്രതികൾ മകനെ വിട്ടു നൽകാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പിതാവ്.

15 വർഷത്തിന് ശേഷം വിചാരണ ആരംഭിച്ച കേസിലാണ് പിതാവും ആൻഡമാനിലെ അധ്യാപകനുമായ ബസുദേവ് മണ്ഡൽ പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകിയത്.

അവർ ആദ്യം 20 ലക്ഷം ചോദിച്ചു. കഴിയില്ലെന്ന് പറഞ്ഞപ്പോൾ 10 ലക്ഷം മതിയെന്നായി. ചെന്നെെയിൽ എത്തിയ്ക്കാനായിരുന്നു നിർദ്ദേശം.

2005 ഒക്ടോബർ 14ന് മകന്റെ സുഹൃത്ത് ജേക്കബ് ജോൺ ആണ് കാണാനില്ലെന്ന വിവരം ഫോണിലൂടെ അറിയിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസിലെ മൂന്ന് അംഗ സംഘവും താനും കൂടിയാണ് പണവുമായി ചെന്നെെയിലേയ്ക്ക് പോയതെന്നും കോടതിയെ അറിയിച്ചു.

ചെന്നെെ എയർപോർട്ടിൽ കാണാമെന്നാണ് പ്രതികൾ നിർദ്ദേശിച്ചിരുന്നത്. പക്ഷേ, അവർ എത്തിയില്ല. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് പൊലീസ് അന്വേഷണം അവസാനിപ്പിയ്ക്കാൻ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പർ തന്നിട്ട് പണം നിക്ഷേപിയ്ക്കാൻ പറഞ്ഞു.മകനെ കാണാതെ പണം തരില്ലെന്ന് താൻ വ്യക്തമാക്കി. മകന്റെ മൃതദേഹം കോവളത്ത് കണ്ടെത്തി എന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ചെന്നെെയിൽ നിന്ന് മടങ്ങിയത്.

മകന്റെ വസ്ത്രങ്ങളും ചെരുപ്പും കണ്ട ബസുദേവ് കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രതിയായ മുഹമ്മദാലിയെ കോടതിയിൽ തിരിച്ചറിഞ്ഞു. ബസുദേവിന്റെ സുഹൃത്ത് കുഞ്ഞി കമ്മുവിന്റെ മകനാണ് പ്രതി മുഹമ്മദ് അലി. ഇയാളും സുഹൃത്തായ ദുർഗ്ഗാ ബഹാദൂറും ചേർന്ന് പണത്തിനായി ശ്യാമൾ മണ്ഡലിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. 2005 ഒക്ടോബർ 13 നാണ് തിരുവനന്തപുരത്ത് നിന്ന് കാണാതായത്. 24നാണ് മൃതദേഹം കോവളത്ത് കണ്ടെത്തിയത്.