തിരുവനന്തപുരം: കേരള കോൺഗ്രസ് -ജോസ്, ജോസഫ് പക്ഷങ്ങൾ അവകാശവാദങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയാറാവാതിരുന്നതോടെ, കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ യു.ഡി.എഫ് തീരുമാനം വീണ്ടും അനിശ്ചിതത്വത്തിലായി. 16ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ അന്തിമതീരുമാനമെടുക്കാമെന്നാണ് ധാരണ.
തർക്കം തുടരുന്ന സ്ഥിതിക്ക് കോൺഗ്രസിന് സീറ്റ് ഏറ്റെടുക്കേണ്ടി വരുമെന്ന സൂചന ഇരുപക്ഷങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. എങ്കിൽ പകരം ഏത് സീറ്റെന്ന് വ്യക്തമാക്കണമെന്ന നിലപാടിലാണ് ജോസഫും ജോസും.
ജോസ് കെ.മാണി വിഭാഗം ഇന്നലെ സീറ്റിനായി നിലപാട് കടുപ്പിച്ചതാണ് ചർച്ച വഴിമുട്ടിച്ചത്. ജോസഫ് പക്ഷവും വാദഗതികളിലുറച്ചു നിന്നു. കഴിഞ്ഞ തവണ മത്സരിച്ചത് ജോസഫിന്റെ ആളാണെങ്കിലും ,സീറ്റ് അവരുടേതാണെന്ന വാദം ജോസ് പക്ഷം അംഗീകരിക്കാനൊരുക്കമല്ല. കേരള കോൺഗ്രസ്-എമ്മിൽ ജോസഫ് ലയിക്കുമ്പോൾ തൊടുപുഴയും കോതമംഗലവും മാത്രമാണ് അവർക്ക് നൽകിയതെന്നാണ് ജോസ് കെ.മാണി യോഗത്തിൽ വ്യക്തമാക്കിയത്. ബാക്കിയെല്ലാം മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്. 2011ൽ പുനലൂരിൽ തങ്ങളുടെ സ്ഥാനാർത്ഥി പ്രചരണം തുടങ്ങിയ ശേഷമാണ് അത് വിട്ടുകൊടുത്ത് കുട്ടനാട് ഏറ്റെടുത്തത്. അന്ന് ഒപ്പം വന്ന ജോസഫിന്റെ സ്ഥാനാർത്ഥി അവിടെ മത്സരിച്ചെന്ന് മാത്രം. എന്നാൽ,പരമ്പരാഗതമായി തങ്ങൾ മത്സരിച്ചുപോന്ന സീറ്റെന്ന അവകാശവാദം ജോസഫ് ആവർത്തിച്ചു.
16ന് യു.ഡി.എഫ് യോഗത്തിനിടയിൽ ഇരുവിഭാഗങ്ങളുമായി വീണ്ടും ചർച്ച നടത്തും. ഡൽഹിയിലും ജോസ് കെ.മാണിയുമായി യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചർച്ച നടത്തും. സമവായമുണ്ടാക്കാനായില്ലെങ്കിൽ യു.ഡി.എഫിന് അന്തിമ തീരുമാനമെടുക്കാമെന്നതാണ് നിലപാട്. 16ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.