നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി നഴ്സിംഗ് കോളേജിലെ ഏഴാമത് ബിരുദ ദാന ചടങ്ങിൽ ബി.എസ്.സി - എം.എസ്.സി നഴ്സിംഗ് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കു കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു. കൊറോണയല്ല ഏത് മാരക രോഗം വന്നാലും കേരളം നേരിടും. ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ നഴ്സുമാർ വിദേശ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരെക്കാൾ മുകളിലാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തിക്കഴിഞ്ഞതായും ഡോക്ടർ മോഹനൻ പറഞ്ഞു. മികച്ച നഴ്സിംഗ് വിദ്യാർത്ഥിനികളായ അഷിത, വിദ്യ എന്നിവരെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, മുൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറും നിംസ് സ്‌പെക്ട്രം ഡയറക്ടറുമായ ഡോ.എം.കെ.സി.നായർ, കേരള ആരോഗ്യ സർവകലാശാല നഴ്സിംഗ് ഡീൻ പ്രൊഫ.വത്സ കെ. പണിക്കർ, നിംസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ.ശിവകുമാർ രാജ്, ഡോ.കെ.എ.സജു, നിംസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ജെ. ഡെയ്സി, വൈസ് പ്രിൻസിപ്പൽ ജോസഫിൻ വിനിത എന്നിവർ സംസാരിച്ചു.