corona-virus-

തിരുവനന്തപുരം : കൊറണ വൈറസ് കൂടുതൽ ആളുകളിലേക്ക് പടരുന്നതിനാൽ ദുരന്ത സമാനമായ സാഹചര്യം കണക്കിലെടുത്താണ് ശക്തമായ നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭയപ്പെടേണ്ട സാഹചര്യമല്ല. എന്നാൽ അതീവജാഗ്രത വേണം. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിവരിലൂടെ വൈറസ് പടർന്ന സാഹചര്യത്തിൽ ഇവർ നാട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങൾ, തീയതി, സമയം എന്നിവയുടെ പട്ടിക ഇന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമയങ്ങളിൽ അവിടെ ഉണ്ടായിരുന്നവർ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ബന്ധപ്പെട്ട അവസാനത്തെ ആളെയും കണ്ടെത്തിയാലേ വൈറസ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാവൂ. മലപ്പുറത്ത് ഡിഫ്‌ത്തീരിയ വ്യാപനം തടയാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ കൂടുതൽ ശക്തമായാണ് ഇപ്പോൾ പിന്തുടരുന്നത്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒൻപത് പരിശോധനകൾ നടത്തി. അവയെല്ലാം നെഗറ്റീവാണ്. തിരുവനന്തപുരത്ത് ഇന്ന് പരിശോധന തുടങ്ങും. തൃശൂർ മെഡിക്കൽ കോളേജിലും രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്ററിലും സംസ്ഥാന പബ്ളിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള അനുമതി കേന്ദ്രത്തോട് തേടിയിട്ടുണ്ട്. കൂടുതൽ മെഡിക്കൽ സാധനങ്ങളും സാമ്പത്തിക സഹായവും കേരളത്തിന് ആവശ്യമാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

സാനിറ്റൈസറും മാസ്കും വാങ്ങാൻ നെട്ടോട്ടം വേണ്ട

കൊറോണയെ തടയാൻ ഹാൻഡ് സാനിറ്റൈസറും മാസ്കും വാങ്ങാൻ ആരും നെട്ടോട്ടം ഓടരുതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അണുക്കളെ നശിപ്പിക്കാൻ വീടുകളിൽ ഉപയോഗിക്കുന്ന സോപ്പു മതി. വീടുകളിൽ എല്ലാവരും സോപ്പ് ഉപയോഗിച്ച് കൈകഴുകണം.

പരീക്ഷയെഴുതാൻ പോകുന്ന കുട്ടികൾക്കും സോപ്പ് കൊടുത്തയക്കണം.

പൊതുജനങ്ങൾ എല്ലാവരും മാസ്ക് ഉപയോഗിക്കേണ്ട കാര്യമില്ല. വൈറസ് ബാധിത മേഖലകളിൽ ഇടപഴകുന്നവർ മാത്രം ഉപയോഗിച്ചാൽ മതി. മറ്റുള്ളവർ വൃത്തിയുള്ള തൂവാല ഉപയോഗിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മറ്റും തൂവാല കൊണ്ട് മൂക്കുംവായയും മറയ്ക്കണം. സാനിറ്റൈസറും മാസ്ക്കും കിട്ടാനില്ലെന്നും ചില സ്ഥലങ്ങളിൽ ഇവയ്ക്ക് ഇരട്ടി തുകവാങ്ങുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.