ഇതിഹാസ സമാനമായ ഉപ്പ് സത്യാഗ്രഹത്തിന് ഇന്ന് 90 വയസ്
(1) 1930, മാർച്ച് 12ന് ദണ്ഡിയാത്ര തുടങ്ങി. ഏപ്രിൽ ആറിന് കടപ്പുറത്ത് സമാപിച്ചു. അന്ന് ഒരുപിടി ഉപ്പ് വാരി കൈയിൽ പിടിച്ചുകൊണ്ട് മോഹൻദാസ് കരംചന്ദ് ഗാന്ധി പറഞ്ഞു :
''ഈ ഒരുപിടി ഉപ്പിനാൽ ഞാൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ കുലുക്കും."
(2) ഉപ്പ് സത്യാഗ്രഹത്തിന്റെ ഓർമ്മയ്ക്ക് ദണ്ഡിയിൽ തുറന്ന ദേശീയ സ്മാരകത്തിൽ ഗാന്ധിജിയുടെയും ഒപ്പം നടന്ന 80 സത്യാഗ്രഹികളുടെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 2005-ലാണ് ദേശീയ സ്മാരകം സ്ഥാപിച്ചത്.
(3) ദണ്ഡിയാത്രയിൽ ഉടനീളം പങ്കെടുത്ത 80 പേരിൽ ഏറ്റവും പ്രായം കൂടിയ ആൾ ഗാന്ധിജി തന്നെയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള വിത്തൽ ലീലാധർ താക്കർ എന്ന പതിനാറുകാരൻ വിദ്യാർത്ഥിയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരൻ.
(4) യാത്രയിലുടനീളം സത്യാഗ്രഹികൾ ലഘുഭക്ഷണമാണ് കഴിച്ചത്. കൽക്കട്ടയിലെ ലില്ലി ബിസ്‌കറ്റ് കമ്പനി ഒരു വണ്ടി നിറയെ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് സമീപിച്ചപ്പോൾ അത് 'ആഡംബര"മാണ് എന്ന് പറഞ്ഞ് ഗാന്ധിജി നിരസിച്ചു.
(5) ആദ്യം കാച്ചികുറുക്കിയ ഒരു പായ്‌ക്കറ്റ് ഉപ്പ് 501 രൂപയ്ക്കാണ് ലേലം പോയത്.
(6) ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സമരങ്ങളിൽ പങ്കെടുത്തതിന് 60,000 പേരെ ബ്രിട്ടീഷ് സർക്കാർ ജയിലിൽ അടച്ചു.