ഡൽഹിയിലെ സർവോദയ സീനിയർ സെക്കൻഡറി സ്കൂളിലെ ഹാപ്പിനസ് ക്ളാസിലാണ് അമേരിക്കൻ പ്രഥമ വനിത മെലാനിയ കുറച്ചുസമയം ഇരുന്നത്. പിരിയാൻ നേരത്ത്, ഹാപ്പിനെസ് ക്ളാസ് തന്നെ പ്രചോദിപ്പിച്ചുവെന്നും, വിശ്രാന്തി സമ്മാനിച്ചുവെന്നും മെലാനിയ പറഞ്ഞു. മൊത്തം പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഈ നൂതന പദ്ധതി, ലോകത്തിനായി ഒരുക്കിയിരിക്കുന്നത് ആരോഗ്യകരവും, ആശാവഹവുമായ ഒരു മാതൃകയാണ്.
കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ, അവിടത്തെ സർക്കാർ സ്കൂളുകളിലെ എട്ടാം സ്റ്റാൻഡേർഡ് വരെയുള്ള വിദ്യാർത്ഥികൾക്കായി 2018ൽ തുടക്കം കുറിച്ച പദ്ധതിയാണ് ഹാപ്പിനെസ് ക്ളാസുകൾ. അന്ന് ഈ സംരംഭം ഉദ്ഘാടനം ചെയ്തത് ആത്മീയാചാര്യനായ ദലയ്ലാമയായിരുന്നു. കുട്ടികളിലെ ഉത്കണ്ഠയും, സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിലൂടെ അവരെ പ്രതിസന്ധികൾ സമചിത്തതയോടെ നേരിടാനും, ആനന്ദചിത്തരായിരിക്കാനും പ്രാപ്തരാക്കുക എന്നുള്ളതാണ് ഈ ക്ളാസുകളുടെ ലക്ഷ്യം.
കണക്കും ഫിസിക്സും കെമിസ്ട്രിയും ബയോളജിയും സാമൂഹ്യശാസ്ത്രവും പോലെ പഠിച്ചെടുക്കാവുന്നതും, പരിശീലനം നേടാവുന്നതുമായ ഒരു വിഷയം തന്നെയാണ് ആനന്ദം എന്ന തിരിച്ചറിവാണ് ഹാപ്പിനെസ് ക്ളാസിന് ആധാരം. സന്യാസിമാരായാലും, സാധാരണക്കാരായാലും എല്ലാ മനുഷ്യരും സന്തോഷത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നത്. ആദ്യം പറഞ്ഞ കൂട്ടർ സച്ചിദാനന്ദം എന്നൊക്കെയുളള അത്യുന്നതങ്ങളിലെ സന്തോഷം തേടുന്നവരാണെന്ന് മാത്രം. സാധാരണ മനുഷ്യർക്ക്, മറ്റ് കഴിവുകളെപ്പോലെ തന്നെ പരിശീലനത്തിലൂടെ ആർജിക്കാവുന്ന മറ്റൊരു നൈപുണ്യമാണ് ഹാപ്പിനെസ് എന്ന ചിന്തയാണ് ഈ പുതിയ പാഠ്യക്രമത്തെ നയിക്കുന്നത്.
ഡൽഹി സർക്കാരിന്റെ ഹാപ്പിനസ് ഉദ്യമത്തിന്റെ വേരുകൾ തേടുമ്പോൾ നാം എത്തിച്ചേരുന്നത്, വികസനം മുതൽ വിദ്യാഭ്യാസം വരെയുള്ള സകല പ്രതീക്ഷകളിലും ആനന്ദത്തിന് ഊന്നൽ നൽകിയ, ഹിമാലയത്തിലെ കുഞ്ഞുരാജ്യമായ ഭൂട്ടാനിലാണ്. 1972 ൽ വാങ്ചൂക്കെന്ന അന്നത്തെ ഭൂട്ടാൻ രാജാവാണ് തന്റെ ഭരണകൂടത്തിന്റെ ലക്ഷ്യം മൊത്തം ദേശീയ വരുമാനം (G.N.P) അല്ലെന്നും, മൊത്തം ദേശീയ ആനന്ദം (Gross National Happiness) ആണെന്നും ആദ്യമായി പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന്, ഐക്യരാഷ്ട്രസഭ 2011-ൽ, ആനന്ദമെന്നത് അടിസ്ഥാന മാനുഷിക ലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുകയും, ഭൂട്ടാന്റെ മാതൃക ലോകമെമ്പാടും പിന്തുടരണമെന്ന് ആഹ്വാനം ഉണ്ടാവുകയും ചെയ്തു. പിന്നീട്, ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ തന്നെ, ഒരു പ്രദേശത്തിന്റെ ആനന്ദം അളക്കാനുള്ള സൂചിക തയ്യാറാക്കുകയും, അത് ഉപയോഗിച്ചുകൊണ്ട്, ഓരോ വർഷവും ലോക രാഷ്ട്രങ്ങളുടെ ആനന്ദനില നിർണയിക്കുകയും അവയുടെ റിപ്പോർട്ടുകൾ 2012 മുതൽ പ്രസിദ്ധീകരിക്കാനും തുടങ്ങി. 2017ലെ ആഗോള ആനന്ദ റിപ്പോർട്ടിൻ പ്രകാരം ഇന്ത്യ 122-ാം സ്ഥാനത്തായിരുന്നു. 2018-ൽ അത് 132-ാം സ്ഥാനമായും, 2019-ൽ 140-ാം സ്ഥാനമായും ഇടിഞ്ഞു. മൊത്തം ദേശീയ വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ നമ്മുടെ രാജ്യം സന്തുഷ്ടിയുടെ കാര്യത്തിൽ തീരെ പിറകിലാണെന്നതു കൊണ്ടുതന്നെ ഹാപ്പിനസ് ക്ളാസുകൾ, ഇന്ത്യയൊട്ടാകെയുള്ള സ്കൂളുകളിൽ ആരംഭിക്കാൻ വൈകരുത്.