തിരുവനന്തപുരം:സമര കോലാഹലങ്ങളൊഴിഞ്ഞ് സെക്രട്ടേറിയറ്റ് നട. ജനകീയ പ്രശ്നങ്ങളില്ലാത്തതു കൊണ്ടല്ല. കൊറോണ പടരുന്നതോടെ തൽക്കാലം സമരങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മാർച്ച് 31 വരെ നടത്താനിരുന്ന അരഡസിലേറെ സെക്രട്ടറിയറ്റ് മാർച്ചുകളാണ് ഒറ്റയടിക്ക് മാറ്റിവച്ചത്. രാവിലെ ആംഡ് ക്യാമ്പിൽ നിന്നുള്ള രണ്ടുവണ്ടി പൊലീസും ജലപീരങ്കിയുമൊന്നും ഇപ്പോൾ വരുന്നില്ല. കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസുകാരുടെ ചായകുടി പോലും മുമ്പ് സമരവേദിക്കടുത്തായിരുന്നു . ഇപ്പോൾ അതെല്ലാം മാറിയിരിക്കുകയാണ് . പൊലീസിനും വാഹനങ്ങൾക്കും ജലപീരങ്കിയ്ക്കും ലാത്തികൾക്കും വിശ്രമം. മുഖ്യമന്ത്രിയുടെ ഒാഫീസുള്ള നോർത്ത് ബ്ളോക്കിലേക്കുള്ള ഗേറ്റും തുറന്നിട്ടിരിക്കുന്നു. ചുറ്റിവളയാതെ സ്റ്റാച്യുവിലേക്ക് നേരെ ഇറങ്ങാനും കയറാനും ഇപ്പോൾ കഴിയുമെന്നത് ആശ്വാസകരം .
ഷെയ്ൻ ബാഗ് സമരക്കാരും വാളയാർ കുട്ടികൾക്ക് നീതിതേടിയുള്ള സമരവുമായിരുന്നു സെക്രട്ടേറിയറ്റിനുമുന്നിലെ കൂറ്റൻ സമരപന്തലുകൾ. ഇതുൾപ്പെടെ അഞ്ച് സമരപന്തലുകളും , ദിനംപ്രതി അരഡസനോളം സെക്രട്ടേറിയറ്റ് മാർച്ചുകളുമാണ് ഉണ്ടായിരുന്നത്. കൊറോണപ്പേടിയിൽ ഷെയ്ൻബാഗ് സമരക്കാർ സ്ഥലം വിട്ടു.വാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് വാളയാർ കിഡ്സ് ഫോറം നടത്തുന്ന വാളയാർ സമരവേദി പൊളിക്കുന്ന കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ തീരുമാനമാകും .ഇതോടെ സെക്രട്ടേറിയറ്റ് നടയിൽ സഹോദരന്റെ കസ്റ്റഡിമരണത്തിൽ നീതിതേടി വർഷങ്ങളായി സമരം നടത്തുന്ന ശ്രീജിത്തിന്റെ ഒറ്റയാൾ പോരാട്ടം മാത്രമായിരിക്കും ശേഷിക്കുക. ശ്രീജിത്തിനെ പിന്തിരിപ്പിക്കാൻ കൊറോണയ്ക്കും കഴിയുമെന്ന് തോന്നുന്നില്ല.
രണ്ടുദിവസത്തിൽ്ക്കൂടുതൽ നീളുന്ന പന്തലുകെട്ടിയ സമരങ്ങൾ അനുവദിക്കാനാവില്ലെന്ന് കോർപറേഷൻ അധികൃതരും പൊലീസും വ്യവസ്ഥ വച്ചിരുന്നു. എന്നാൽ, അതാെന്നും സമരക്കാർ വകവച്ചിരുന്നില്ല. വെറുതെ സംഘർഷമുണ്ടാക്കേണ്ട എന്ന് കരുതി പൊലീസും മിണ്ടാതിരിക്കുകയായിരുന്നു. സമരവേദികൾ പൊളിച്ചുമാറ്റണമെന്ന നിർദ്ദേശമൊന്നും ആർക്കും നൽകിയിട്ടില്ലെന്ന് കന്റോൺമെന്റ് പൊലീസ് വ്യക്തമാക്കി. അതേസമയം ,കൊറോണയുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികളും ആൾക്കൂട്ട സമരങ്ങളും ചടങ്ങുകളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പൊതുപരിപാടികളെല്ലാം മാറ്റിവയ്ക്കാനാണ് സർക്കാർ നിർദേശം.സ്‌കൂളുകളും കോളേജുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സിനിമാശാലകളുമടക്കം അടച്ചു പൂട്ടുമ്പോൾ, സെക്രട്ടേറിയറ്റ് സമരക്കാരും അത് അനുസരിക്കുകയായിരുന്നു.സമരങ്ങൾ ഇനി തിരിച്ചുവരും.എന്നിരുന്നാലും മാർച്ച് 31 വരെ സെക്രട്ടേറിയറ്റ് നട മനോഹരവും ശൂന്യവുമായിരിക്കും. അതുവരെ സമരങ്ങൾക്ക് പന്തലുകെട്ടിയും നോട്ടീസടിച്ചും ചായയും വടയും നൽകിയും കസേരയും മൈക്കും തോരണങ്ങളും കൊടികളൊരുക്കിയും ബിസിനസ് നടത്തുന്നവർക്കും സുരക്ഷയൊരുക്കാൻ പാടുപെടുന്നവർക്കും വിശ്രമം.