തിരുവനന്തപുരം:ചാക്കയിൽ ഫ്ളൈ ഓവറും ബൈപ്പാസിന് വീതികൂട്ടലും പൂർത്തിയാകുന്നതോടെ എയർപോർട്ടിലേക്ക് സൂപ്പറായി പോകാനാകുമെന്ന് കരുതിയവർക്ക് തെറ്റി. നിർമ്മാണമെല്ലാം പൂർത്തിയായി. റോഡും സൂപ്പറായി. പക്ഷേ ചതിച്ചത് സിഗ്നലാണ്. ഒരു ശാസ്ത്രീയ സമീപനവുമില്ലാതെ ഗതാഗതത്തിരക്കും പരിഗണിക്കാതെ തോന്നിയമട്ടിലാണിവിടെ സിഗ്നൽ. ഫലം നാലുവശത്തും വാഹനപ്രളയം. ഇൗഞ്ചയ്ക്കൽ കടക്കണമെങ്കിൽ ഭാഗ്യം കൂടി വേണം
ആകെയുള്ളത് പതിനെട്ട് സെക്കന്റ്. ഇതിൽ ആരോക്കെ എങ്ങോട്ടൊക്കെ പോകും. ഈഞ്ചയ്ക്കലിൽ സിഗ്നലിൽ കാത്തുകിടക്കുന്ന വാഹന യാത്രക്കാരുടെ ചോദ്യമിതാണ്. ഇത് മനുഷ്യനെ വടിയാക്കുന്ന സംവിധാനമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. കഴക്കൂട്ടം - കാരോട് ബൈപാസിന്റെ ഹൃദയ ഭാഗത്താണ് ഇൗഞ്ചയ്ക്കൽ സിഗ്നൽ വരുന്നത്. കഴക്കൂട്ടത്തു നിന്ന് ഫ്ളൈഓവറിൽ എത്തുന്നവരും സർവീസ് റോഡ് വഴി വരുന്നവരും ജംഗ്ഷൻ കടക്കണമെങ്കിൽ ഏറെ ബുദ്ധിമുട്ടണം. തിരക്ക് കുറവുള്ള ഭാഗത്ത് കൂടുതൽ സമയവും തിരക്ക് കൂടുതലുള്ളിടത്ത് കുറച്ചു സമയവും, അതാണ് ഇവിടത്തെ സിഗ്നലിന്റെ പ്രത്യേകത. രാവിലെ തുടങ്ങുന്ന കുരുക്ക് രാത്രി വൈകിയും തുടരുന്നതാണ് ദിവസേനയുള്ള കാഴ്ച. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളും തിരക്കിൽപ്പെടുന്നതും പതിവ്. വി.വി.ഐ.പികൾ വന്നാൽ സിഗ്നൽ മൊത്തം ഒാഫാക്കും. അതിനെതുടർന്നുള്ള കുരുക്കും യാത്രക്കാർ അനുഭവിക്കണം. കാലങ്ങളായുള്ള ഗതാഗതക്കുരുക്കും അപകടങ്ങൾക്കും അറുതി വരുത്തിക്കൊണ്ടാണ് സർക്കാർബൈപാസ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതിനൊപ്പം ചാക്ക ഫ്ളൈഓവർ പണി പൂർത്തിയാക്കി പൂർണമായും ജനങ്ങൾക്ക് തുറന്നുകൊടുത്തു. ഇവയെല്ലാം ഗതാഗതക്കുരുക്ക് മുന്നിൽ കണ്ടായിരുന്നു. എന്നാൽ താടി വന്നപ്പോ മുടി പോയെന്ന അവസ്ഥയാണ് ഇപ്പോൾ. റോഡിന്റെ കാര്യത്തിൽ എല്ലാം പക്കയായപ്പോൾ സിഗ്നൽ ആകെ ചളമായി. സിഗ്നലിന്റെ നിയന്ത്രണങ്ങൾ കെൽട്രോണിനാണ്. ഗതാഗതക്കുരുക്കും ചെറു അപകടങ്ങളും നിത്യസംഭവമായിട്ടും, സമയം കുറവാണെന്ന യാത്രക്കാരുടെ പരാതി ഇവർ കേൾക്കുന്നതേയില്ല. ട്രാഫിക് പൊലീസടക്കം ഇടപെട്ടിട്ടും ഒരു രക്ഷയുമില്ല.
കഴക്കൂട്ടം-കോവളം, ലഭിക്കുന്നത് 18 സെക്കന്റ്
കാത്തു നിൽക്കേണ്ടത് 75 സെക്കന്റ്
കോവളം-കഴക്കൂട്ടം, ലഭിക്കുന്നത് 18 സെക്കന്റ്
കാത്തു നിൽക്കേണ്ടത് 100 സെക്കന്റ്
ഇൗഞ്ചയ്ക്കൽ-കഴക്കൂട്ടം-ബീമാപള്ളി ലഭിക്കുന്നത് 56 സെക്കന്റ്
കാത്തു നിൽക്കേണ്ടത് 40 സെക്കന്റ്
വലിയതുറ-ഇഞ്ചയ്ക്കൽ-കോവളം ലഭിക്കുന്നത് 15 സെക്കന്റ്
കാത്തുനിൽക്കേണ്ടത് 75സെക്കന്റ്
അണ്ടർ പാസ് വേണ്ട
ഇൗ ഭാഗത്ത് നിർമ്മിക്കാൻ തിരുമാനിച്ചിരുന്ന അണ്ടർപാസ് പ്രാദേശിക എതിർപ്പിനെ തുടർന്ന് ദേശീയ പാത അതോറിട്ടി ഉപേക്ഷിച്ചിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പടിഞ്ഞാറേക്കോട്ട,വള്ളക്കടവ്, അട്ടക്കുളങ്ങര, ബെെപാസ് എന്നീ റോഡുകളിലെല്ലാം വാഹനങ്ങൾ കുടുങ്ങും. അണ്ടർപാസ് പദ്ധതി നടപ്പിലാക്കണമെന്ന തീരുമാനം ഭാവിയിൽ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിട്ടി അധികൃതരും. സിഗ്നലിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് കെൽട്രാണാണെന്നും അവർ വ്യക്തമാക്കി.
സിഗ്നൽ പ്രശ്നത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. അവിടത്തെ സിഗ്നൽ സംവിധാനം അശാസ്ത്രീയമാണെന്നാണ് എല്ലാവരും പറയുന്നത്. പരാതികൾ കെൽട്രോണിനെ അറിയിച്ചിരുന്നു. അവർ പൊങ്കാല കഴിഞ്ഞ് എല്ലാം ശരിയാക്കുമെന്നാണ് അറിയിച്ചിരുന്നതും.
-എ.സി. പി എം.കെ. സുൽഫീക്കർ