മദ്ധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം അഭിമുഖീകരിക്കുന്നതുവരെ അധികാരത്തിൽ തുടരുമോ എന്ന ചോദ്യമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ ഉയരുന്നത്. മാർച്ച് 16 -നാണ് നിയമസഭ തുടങ്ങുന്നത്. മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ പുനർജ്ജനിക്ക് കരുത്തു പകരാൻ മുൻനിരയിൽ നിന്നു പൊരുതിക്കൊണ്ടിരുന്ന ജ്യോതിരാദിത്യസിന്ധ്യ ബി.ജെ.പിയിലേക്കു ചുവടുമാറ്റം നടത്തിയത് അപ്രതീക്ഷിതമായിട്ടാണ്. സിന്ധ്യ മാത്രമല്ല മന്ത്രിമാരുൾപ്പെടെ 22 കോൺഗ്രസ് എം.എൽ.എമാരും മുഖ്യമന്ത്രി കമൽനാഥിനോടു കലഹിച്ച് നിയമസഭാംഗത്വം രാജിവച്ചിരിക്കുകയാണ്. കോൺഗ്രസിനു പുറത്തുള്ള ഏതാനും എം.എൽ.എമാരുടെ പിന്തുണയോടുകൂടി ഭൂരിപക്ഷം ഉറപ്പാക്കി അധികാരത്തിലേറിയ കമൽനാഥ് മന്ത്രിസഭയ്ക്ക് സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട നിലയിലാണ്. സ്പീക്കർക്ക് രാജിക്കത്ത് അയച്ച കോൺഗ്രസ് എം.എൽ.എമാർ ബംഗളൂരുവിലെ ഹോട്ടലുകളിൽ സുരക്ഷിത താവളം തേടിയിരിക്കുകയാണിപ്പോൾ. ഇവരെ തിരികെ പാർട്ടിയിലെത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചുകഴിഞ്ഞു. പോരാത്തതിന് കർണാടകത്തിലെ പാർട്ടി നേതാവും ട്രബിൾ ഷൂട്ടറുമായ ഡി.കെ. ശിവകുമാറും ഒപ്പമുണ്ട്. 22 പേരിൽ പതിനഞ്ച് പേരെയെങ്കിലും മടക്കിക്കൊണ്ടുവരാനാകുമെന്നാണ് പാർട്ടി നേതൃത്വം കണക്കു കൂട്ടുന്നത്. റിസോർട്ട് രാഷ്ട്രീയത്തിന്റെ വിളഭൂമിയായ ബംഗളൂരുവിലെ പഴയ അനുഭവ കഥകൾ ഇത്തരമൊരു സാദ്ധ്യത അപ്പാടെ തള്ളിക്കളയുന്നുമില്ല.
കറതീർന്ന കോൺഗ്രസുകാരനായിരുന്ന ജ്യോതിരാദിത്യസിന്ധ്യയുടെ ചുവടുമാറ്റത്തിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോൾ പാർട്ടി കഴിഞ്ഞ കുറേക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന നേതൃത്വ പ്രതിസന്ധിയിൽത്തന്നെയാണു ചെന്നെത്തുക. കഴിഞ്ഞ ഒരുവർഷത്തോളമായി താൻ തേടിക്കൊണ്ടിരുന്ന പാത ഇപ്പോഴാണ് തെളിഞ്ഞുവന്നതെന്ന കുറിപ്പോടെയാണ് സിന്ധ്യ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് തന്റെ രാജിക്കത്ത് അയച്ചിരിക്കുന്നത്. കോൺഗ്രസിൽ തുടർന്നുകൊണ്ട് മദ്ധ്യപ്രദേശിനെയും ജനങ്ങളെയും തുടർന്നും സേവിക്കാൻ സാധിക്കാത്തതിനാലാണ് രാജിയെന്നും കത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലം തൊട്ടേ കമൽനാഥുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ജ്യോതിരാദിത്യസിന്ധ്യ. ഇരുനേതാക്കളും കടുത്ത ശത്രുതയിലുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായി കോൺഗ്രസ് മാറിയതിനു പിന്നിൽ സിന്ധ്യയ്ക്കും മുഖ്യ പങ്കുണ്ടായിരുന്നു. എന്നാൽ മന്ത്രിസഭാ രൂപീകരണ ഘട്ടമെത്തിയപ്പോൾ കമൽനാഥ് എല്ലാം സ്വന്തം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. പാർട്ടി നേതൃത്വം അതിനു വഴങ്ങുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സിന്ധ്യ പരാജയപ്പെട്ടു. കമൽനാഥാണ് തന്നെ തോൽപ്പിച്ചതെന്ന ആരോപണവുമായി രംഗത്തുവന്ന സിന്ധ്യ പറ്റിയ അവസരം നോക്കി കാത്തിരിക്കുകയായിരുന്നു.
പതിനഞ്ചു വർഷത്തെ തുടർച്ചയായ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2018 അവസാനം മദ്ധ്യപ്രദേശ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. നേട്ടം നിലനിറുത്തേണ്ടതിനു പകരം ഭരണം തന്നെ നഷ്ടപ്പെടുന്നതിൽ കലാശിച്ച ചേരിപ്പോരിലാണ് കാര്യങ്ങൾ ചെന്നെത്തിയത്. സംസ്ഥാന കോൺഗ്രസ് നേതൃത്വവും കമൽനാഥിൽത്തന്നെയായിരുന്നതിനാൽ പോര് മൂർച്ഛിച്ചതല്ലാതെ പരിഹാര നടപടിയൊന്നുമുണ്ടായില്ല. ഏറെനാളായി ദിശാബോധം നഷ്ടപ്പെട്ട കേന്ദ്ര നേതൃത്വത്തിനും കമൽനാഥിനെയും സിന്ധ്യയെയും രമ്യതയിൽ കൊണ്ടുവരാനായില്ല. സിന്ധ്യ കോൺഗ്രസിലെ പുതുതലമുറയുടെ ശക്തനായ നേതാവായിരുന്നു. കോൺഗ്രസ് അണികൾക്കിടയിൽ ഏറെ സ്വീകാര്യനുമായിരുന്നു. എന്നിട്ടും അർഹമായ പരിഗണന നൽകാൻ നേതൃത്വത്തിനു കഴിഞ്ഞില്ല. സംസ്ഥാനങ്ങളിൽ കരുത്തന്മാരായ നേതൃനിരയെ വളർത്തിക്കൊണ്ടു വരുന്നതിൽ കോൺഗ്രസ് വലിയ തോതിൽ പരാജയം നേരിടുകയാണ്. കടുത്ത പ്രതിബന്ധങ്ങൾക്കിടയിലും വളർന്നുവരുന്ന നേതാക്കളെ നിരുത്സാഹപ്പെടുത്തുന്ന സമീപനം കൂടിയാവുമ്പോൾ പാർട്ടി പതിന്മടങ്ങു ക്ഷയിക്കുകയും ചെയ്യുന്നു. ഏറെ പ്രതീക്ഷ ജനിപ്പിച്ച് പാർട്ടി നേതൃത്വത്തിലേക്കു വന്ന രാഹുൽഗാന്ധി ഇടയ്ക്കുവച്ച് സ്ഥാനത്തു നിന്നു മാറിയതോടെ നേതൃത്വമെന്നത് വീണ്ടും ഒരുപിടി ഉപജാപക സംഘത്തിന്റെ കൈകളിലായി. തന്റെ ആശയങ്ങൾക്കനുസൃതമായി പാർട്ടിയെ നയിക്കാൻ സാധിക്കാത്തതിനാലാണ് വീണ്ടും നേതൃത്വം ഏറ്റെടുക്കാൻ മടിക്കുന്നതെന്ന് ഈയിടെ രാഹുൽ പരസ്യമായി പ്രതികരിച്ചിരുന്നു. കോൺഗ്രസിനെ നന്നായി അറിയാവുന്നവർക്കെല്ലാം രാഹുൽ പറഞ്ഞതിന്റെ പൊരുൾ മനസിലാകും.
230 അംഗങ്ങളുള്ള മദ്ധ്യപ്രദേശ് നിയമസഭയിൽ 22 കോൺഗ്രസ് അംഗങ്ങൾ രാജിവച്ചതോടെ കമൽനാഥ് മന്ത്രിസഭയ്ക്ക് ഫലത്തിൽ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. രാജിവയ്ക്കില്ലെന്നും സഭയിൽ വിശ്വാസവോട്ടു തേടുമെന്നുമാണ് കമൽനാഥിന്റെ പ്രഖ്യാപനം. ബി.ജെ.പിയും തങ്ങളുടെ എം.എൽ.എമാരെ രാജസ്ഥാനിലേക്കു കൊണ്ടുപോയി പാർപ്പിച്ചിരിക്കുകയാണ്. എതിർപക്ഷക്കാരുടെ പ്രലോഭനങ്ങളിൽപ്പെടാതിരിക്കാൻ വേണ്ടിയാണിത്. വിശ്വാസ വോട്ടെടുപ്പിൽ കമൽനാഥ് പരാജയപ്പെട്ടാൽ ബി.ജെ.പിക്ക് വീണ്ടും ഭരണത്തിലെത്താനുള്ള വഴി ഒരുങ്ങും. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആ കസേരയ്ക്കായി കാത്തിരിക്കുകയാണ്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സിന്ധ്യയ്ക്കുമുണ്ടാകും കേന്ദ്രമന്ത്രിസഭയിൽ ഒരു സ്ഥാനം.