തിരുവനന്തപുരം: നിപ പ്രതിസന്ധി മറികടക്കുന്നതിനിടെയുള്ള കൊറോണ രോഗബാധ സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാനത്തേക്ക് വരാനുദ്ദേശിക്കുന്ന സഞ്ചാരികൾക്കും ടൂറിസം ഹോട്ടൽ മേഖലയ്ക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പകർച്ച വ്യാധികളും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 12 ഇന കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എൻജി. കോളേജുകളിൽ
അവധി മേയ്, ജൂൺ
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള എൻജിനിയറിംഗ് കോളജുകളിലെ മദ്ധ്യവേനലവധി മേയ് 1 മുതൽ ജൂൺ 30 വരെയാക്കുമെന്ന് മന്ത്രി കെ.ടി ജലീൽ അറിയിച്ചു. സർവകലാശാലയുടെ 2019-20ലെ അക്കാഡമിക് കലണ്ടർ പ്രകാരം റെഗുലർ ക്ലാസുകൾ ഏപ്രിൽ 28 വരെയാണ്. പരീക്ഷകൾ ജൂണിൽ അവസാനിക്കും. ജൂലായ് 20ന് സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കും. എൻജിനിയറിംഗ്, മെഡിക്കൽ അഡ്മിഷൻ നടപടികൾ ജൂലായ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്നതിനാൽ ഫാക്കൽറ്റികളുടെ സേവനം അനിവാര്യമാണ്. ഇതൊക്കെ പരിഗണിച്ചാണ്
വേനലവധിയിൽ മാറ്റം വരുത്തുന്നത്.
എൻ.ടി.പി.സി
വൈദ്യുതിയില്ല
എൻ.ടി.പി.സി ഈ മാസം പത്ത് മുതൽ വൈദ്യുതി നൽകില്ലെന്ന് കെ.എസ്.ഇ.ബിക്ക് നോട്ടിസ് നൽകിയതായി മന്ത്രി എം.എം മണി അറിയിച്ചു. പ്രവർത്തനം നിറുത്തിവച്ച കായംകുളം തെർമൽ പവർ സ്റ്റേഷന്റെ ഫിക്സഡ് ചാർജുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കാരണം. നോട്ടിസ് നിയമപരമായി ശരിയല്ലെന്ന് മറുപടി നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തും.
ആശ്രിതർക്ക്
ജോലി
ഓഖി ദുരന്തത്തിൽ മരിച്ചതോ കാണാതായതോ ആയ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ 42 പേർക്ക് മത്സ്യഫെഡ് നെറ്റ് ഫാക്ടറിയിൽ ജോലിക്ക് ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു.
200 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ വാർഡൻമാരായി നിയമിച്ചു. 143 മത്സ്യത്തൊഴിലാളി വിധവകൾക്ക്
ജോലി നൽകുന്നതിനും നടപടി സ്വീകരിച്ചു..