corona

തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനെത്തിയ വിദേശികൾ സങ്കടത്തിന്റെ കാണാക്കടലിലാണ്. പുറത്തിറങ്ങാനും വയ്യ റോഡിലൂടെ നടക്കാനും വയ്യാത്ത അവസ്ഥ. എല്ലാവരും അവരെ ഭയത്തോടെ നോക്കുന്നു. കോവളത്തെയും വർക്കലയിലേയുമടക്കം ബീച്ചിലെത്തിയ വിദേശികൾ ഇവിടെ തങ്ങാനും തിരിച്ച് നാട്ടിലേക്ക് മടങ്ങാനും കഴിയാത്ത മാനസികാവസ്ഥയിലാണ്. പലരും മുറിക്കുള്ളിൽ തന്നെ ചെലവഴിക്കുകയാണ്.

കോവളത്തും വർക്കലയിലുമൊക്കെ ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ റിസോർട്ടുകളിൽ ആളില്ലാത്ത അവസ്ഥ. വർക്കലയിലാണ് വിദേശികൾക്കൊപ്പം ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലായി എത്തുന്നത്. കൊറോണ ഭീതിയായതോടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയും മസാജ് സെന്ററുകളിലേക്ക് ആരും തിരിഞ്ഞുനോക്കുന്നതുപോലുമില്ല. വരുന്ന വിദേശികൾ ഇറ്റലിക്കാരാണോ ചൈനക്കാരാണോ എന്ന് പരിശോധിച്ചശേഷമാണ് റിസോർട്ടുകളിൽ പ്രവേശിക്കുന്നത്. എന്നാൽതന്നെ ഇവർ ഏതൊക്കെ രാജ്യത്ത് പോയിട്ടുണ്ട്, എവിടെ നിന്ന് വരുന്നു എന്നതൊക്കെ പ്രധാന പ്രശ്നമായിട്ടുണ്ട്.

കടലിൽ കുളിക്കുന്നതാണ് വിദേശികളുടെ പ്രധാന വിനോദം. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ പലരും കുളിക്കാൻ മടിക്കുകയാണ്. വിദേശികളിൽ തന്നെ ആർക്കൊക്കെ വൈറസ് ബാധിച്ചിട്ടുണ്ട് എന്ന് കണ്ടെത്താനാവാത്തതിനാൽ അവരുടെ വിനോദ യാത്രയുടെ ത്രിൽ മുഴുവൻ തീർന്ന രീതിയിലാണ്.

യാത്രയാണ് വിദേശികളുടെ പ്രധാന ഹോബി. എന്നാൽ, ട്രെയിനുകളിലും മറ്റും കയറുമ്പോൾ അവരെ മറ്റ് യാത്രക്കാർ വെറൊരു രീതിയിൽ നോക്കാൻ തുടങ്ങിയതോടെ യാത്രകളും അവരെ ഒറ്റപ്പെടത്തുകയാണ്.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവ സീസണാണിത്. ഉത്സവം കണ്ട് ആസ്വദിക്കുക എന്നത് വിദേശികൾക്ക് കൗതുകമാണ്. അങ്ങനെ ഉത്സവം കാണാനെത്തിയ സംഘത്തിലെ വിദേശികളെയാണ് കൊല്ലത്തെ ഒരു റിസോർട്ടിൽ കണ്ടെത്തിയതും അവരെ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുന്നതും. റിസോർട്ട് പൂട്ടിയതോടെ തൊട്ടടുത്തും മറ്റുമുള്ളവർക്കും കൊറോണ ഭീതിയായി.