ksrtc

തിരുവനന്തപുരം: ഡ്രൈവർമാരുടെ അധിക സമ്മർദ്ദം ഒഴിവാക്കി റോഡപകടങ്ങൾ കുറയ്കുന്നതിന് കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവീസുകളിൽ ഏർപ്പെടുത്തിയ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിറുത്തലാക്കി.പകരം ,ക്രൂ ചെയിഞ്ച് സംവിധാനം ഏർപ്പെടുത്തുന്നതിനാലാണിതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

സംസ്ഥാനാന്തര സർവീസുകളിൽ ഡ്രൈവർമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് അപകടങ്ങൾ

വർദ്ധിപ്പിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് 2016ൽ രാജമാണിക്യം എം.ഡിയായിരിക്കെയാണ് ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പാക്കിയത്. ഡബിൾ ഡ്യൂട്ടിയുടെ പേരിലുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടിരുന്നു. തുടർന്ന് ടോമിൻ ജെ.തച്ചങ്കരി എം.ഡിയായതോടെ എല്ലാ ദീർഘദൂര ബസുകളിലും നടപ്പിലാക്കി. ഇതിനായി 720 പേർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു.ഡ്രൈവിംഗ് അറിയുന്ന രണ്ട് പേരാവും ദീർഘദൂര ബസുകളിലുണ്ടാവുക. എട്ടു മണിക്കൂർ ഇടവേളയിൽ അവർ മാറി മാറി വണ്ടി ഓടിക്കും. മിക്കവാറും സീറ്റുകൾ റിസർവ് ചെയ്യപ്പെടുന്നതിനാൽ കണ്ടക്ടർക്ക് ജോലി കുറവാണ്.

ഡ്രൈവർക്ക്

പണി കൂടും

തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേയ്ക്കുള്ള ബസ്സിൽ തൃശൂരിലാണ് ഡ്രൈവർ മാറ്റം. കോട്ടയത്തോ, തിരുവല്ലയിലോ നിന്നുള്ള ബസുകൾക്ക് പാലക്കാട്ടും. അവിടുന്ന് അങ്ങോട്ട് ബംഗളൂരു വരെയും തിരിച്ചും

പഴയത് പോലെ ഒരാൾ തന്നെ ബസ് ഓടിക്കേണ്ടി വരുന്നത് ഡ്രൈവർമാരുടെ ജോലി ഭാരം വർദ്ധിപ്പിക്കും. തൃശൂരിൽ ഇറങ്ങുന്ന ഡ്രൈവർ ബംഗളൂരുവിൽ നിന്ന് അന്നു തന്നെ മടങ്ങുന്ന ബസ് തൃശൂരിൽ നിന്ന് തുടർച്ചയായി ഒാടിച്ച് തിരുവനന്തപുരത്തേയ്ക്ക് വരണം. ഇതിനിടെ ഡ്രൈവർക്ക് ശരിക്ക് വിശ്രമിക്കാനാവില്ല. തിരുവനന്തപുരം മുതൽ തൃശൂർ വരെ 7 മണിക്കൂർ 20 മിനിറ്റാണ് റണ്ണിംഗ് ടൈം. എന്നാൽ, മിക്കപ്പോഴും ഒമ്പതു മണിക്കൂറെങ്കിലും വേണ്ടി വരും.

ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പാക്കിയപ്പോൾ സൂപ്പർ ക്ലാസ് ബസുകളിൽ യൂണിയനുകളിൽ സ്വാധീനമുള്ള കണ്ടക്ടർമാർക്ക് ഡ്യൂട്ടി ചെയ്യാൻ സാധിച്ചിരുന്നില്ല. യൂണിയൻ റഫറണ്ടം വരാനിരിക്കെ, ഇവരുടെ സമ്മർദ്ദമാണ്

മാനേജ്മെന്റിന്റെ തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു.