malayinkil

മലയിൻകീഴ്: ചുട്ട് പൊള്ളുന്ന വേനലിൽ ഗ്രാമപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വ്യാപകമായ കൃഷിനാശം. മാറനല്ലൂർ, വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. വാഴകൃഷിയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ഏത്തൻ, രസകദളി, കപ്പ, പാളയം തോടൻ എന്നിവയാണ് പ്രധാനമായും വേനൽച്ചൂടിൽ നശിച്ചു. ഏറെ പ്രതീക്ഷയോടെ പരിപാലിച്ചിരുന്ന പച്ചക്കറി, വാഴ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയത് ഭൂരിഭാഗവും കർഷകർക്ക് സാമ്പത്തിക ദുരിതത്തിനിടയാക്കിയിട്ടുണ്ട്. മാറനല്ലൂർ പഞ്ചായത്തിൽ 12ഹെക്ടറിൽ കൃഷിനാശമുണ്ടായി. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നതിന് വേണ്ടുന്ന സൗകര്യമില്ലാതെ ഏറെയും കൃഷിക്ക് നാശമുണ്ടായതെന്നാണ് കർഷകർ പറയുന്നത്. വിളവൂർക്കൽ പഞ്ചായത്തിലെ ആളിയോട്ടുകോണത്ത് നിരവധി വാഴയും പച്ചക്കറിയും കരിഞ്ഞ് ഉണങ്ങിയിട്ടുണ്ട്. വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ 10 ഹെക്ടറിൽ വാഴകൃഷി നശിച്ചിട്ടുണ്ട്. വേനൽച്ചൂടും കാറ്റും ഈ പ്രദേശത്ത് വാഴകൃഷിയെ നാശത്തിലേക്ക് വീഴ്ത്തിയത്. പ്രകൃതി ദുരന്തമുണ്ടാകുമ്പോൾ സർക്കാർ അനുവദിക്കുന്ന നാമമാത്ര തുക പഞ്ചായത്ത്‌ പരിധിക്കുള്ളിൽ വരുന്ന കർഷകർക്ക് നൽകുന്നതു മാത്രമാണ് കൃഷിഭവനുകൾ ചെയ്യാറുള്ളതെന്നുമാണ് കർഷകരുടെ ആക്ഷേപം.

 വേനലിൽ കരിഞ്ഞ പാടങ്ങൾ

 വിളപ്പിൽ പഞ്ചായത്ത്......... 10 ഹെക്ടർ വാഴകൃഷി

 മാറാനല്ലൂർ പഞ്ചായത്ത്............ 12 ഹെക്ടർ കൃഷിപ്പാടം

 വിളവൂർക്കൽ പഞ്ചായത്ത്............ 5.5 ഹെക്ടർ ക‌ൃഷിപ്പാടം

സഹായം എല്ലാം പേപ്പറിൽ ഒതുങ്ങി

വാഴകൾ ഒടിഞ്ഞു തൂങ്ങി നിൽക്കുന്ന ഫോട്ട ഉൾപ്പെടെ കർഷകർ കൃഷി ഓഫീസുകളിൽ അപേക്ഷ നൽകിയെങ്കിലും യാതൊരുപ്രയോജനവുമുണ്ടായില്ല

വിളപ്പിൽ പഞ്ചായത്തിലെ വിട്ടിയം, ചെറുകോട്, കരുവിലാഞ്ചി എന്നീ സ്ഥലങ്ങളിലാണ് വേനൽ കാരണം കൃഷിനാശം കൂടുതലുണ്ടായത്. മൂന്നുവർഷം മുൻപ് ഉണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ അപേക്ഷയിൽ പോലും ഇതുവരെ കർഷകന് ഒരു രൂപപോലും അനുവദിച്ചിട്ടില്ല.

പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ തകർന്ന കൃഷിയിടങ്ങളിൽ കൃഷി ഓഫീസർ നേരിട്ടെത്തി നാശനഷ്ടകണക്കെടുത്ത് ഓഫീസർമാർ റിപ്പോർട്ട്‌ അയച്ചാലും ഫണ്ട് മാത്രം അനുവദിക്കാറില്ല

ഭീഷണി മുഴക്കി ബാങ്കുകൾ

ഭൂവുടമകളിൽ നിന്നും പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ കർഷകർക്ക് വായ്പ വന്നതോടെ ബാങ്കുകൾ ഭീഷണി മുഴക്കി തുടങ്ങിയെന്നുമാണ് കർഷകർ പറയുന്നത്. കിടപ്പാടം വരെ പണയപ്പെടുത്തിയാണ് പലരും വായ്പ എടുത്തിരിക്കുന്നത്. കൃഷിഭവൻ മുഖേന ഇൻഷ്വറൻസ് ചെയ്ത കൃഷിയിടങ്ങൾക്ക് പോലും വർഷങ്ങളായി നഷ്ടപരിഹാരം ലഭിക്കുന്നില്ല.

പ്രതികരണം : മലയിൻകീഴ് പരിധിയിൽ വരുന്ന പത്ത് കർഷകർ വാഴകൃഷിനാശത്തെ സംബന്ധിച്ച് വിവരം നൽകിയിട്ടുണ്ട്. ഗോവിന്ദമംഗലം മുൾപ്പെടെ നാല് സ്ഥലങ്ങളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. ബാക്കിവരുന്നിടത്ത് സമയബന്ധിതമായി സന്ദർശിച്ച് റിപ്പോർട്ട് നൽകും. സർക്കാരിൽ നിന്ന് വരൾച്ച ദുരിതാശ്വാസം സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ല. വാഴ ഒന്നിന് 300-150 നിരക്കിൽ അടിയന്തരമായി നഷ്ടപരിഹാരം നൽകും.

എസ്.ശ്രീജ, മലയിൻകീഴ് കൃഷി ഓഫീസർ