ബാലരാമപുരം:ശരീരം തളർത്തിയെങ്കിലും മനക്കരുത്തിൽ അതിജീവനത്തിന്റെ പാതയിലാണ് പൂങ്കോട് വലിയവിള വീട്ടിൽ സരിത.കുട്ടികൾക്ക് ട്യൂഷൻ എടുത്തും,വീടിനോട് ചേർന്ന് പച്ചക്കറിയും അത്യാവശ്യം പലചരക്കുകളും വ്യാപരം നടത്തിയും ഉപജീവനം നടത്തുകയാണ് സരിത.നാല് വയസുള്ളപ്പോൾ പോളിയോ ബാധിച്ചു അരയ്ക്ക് കീഴപ്പോട്ട് തളർന്നു.ബാല്യത്തിലെ പിതാവ് മരിച്ചു.മാതാവ് ശകുന്തള നെയ്ത്തു തൊഴിലാളിയാണ്.സരിതയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി സുരേഷ് എന്ന കൂലപ്പണിക്കാരൻ ആറ് വർഷം മുമ്പ് വിവാഹം കഴിച്ചു.ദമ്പതികൾക്ക് മക്കളില്ല.പളളിച്ചൽ പഞ്ചായത്ത് നൽകിയ വീൽച്ചെയറിലാണ് സരിതയുടെ ജീവിതം.സാമ്പത്തികബുദ്ധിമുട്ട് കാരണം ജീവിതം വഴിമുട്ടിയ വനിതകൾക്ക് ചെറുസംരംഭം തുടങ്ങാൻ വായ്പതരപ്പെടുത്തി കൊടുക്കുന്നതിലും സരിത വ്യാപൃതയാണ്.ലോകവനിതാദിനത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.വീരേന്ദ്രകുമാർ പൊന്നാടയും പളളിച്ചൽ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികാദേവി പുരസ്കാരവും നൽകി ആദരിച്ചു.പൂങ്കോട് സുനിൽകുമാർ,രഞ്ചിത്ത് പൂങ്കോട്,ബി.വി.സുരേഷ്.ഷീബാറാണി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.