തിരുവനന്തപുരം : കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ കോർപറേഷൻ ബഡ്ജറ്റ് ഈമാസം 20ന് അവതരിപ്പിക്കും. കെ.ശ്രീകുമാർ മേയറായ ശേഷമുള്ള ആദ്യ ബഡ്ജറ്റും ഈ ഭരണസമിതിയുടെ അവസാന ബഡ്ജറ്റുമാണിത്. കൊറോണ മുൻകരുതലുകൾ ഉണ്ടെങ്കിലും ബഡ്ജറ്റ് അവതരണം മാറ്റിവയ്ക്കേണ്ടതില്ലെന്ന് സർക്കാരിൽ നിന്നു കോർപറേഷന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതോടെ ബഡ്ജറ്റ് കൃത്യസമയത്ത് നടക്കുമെന്ന് ഉറപ്പായി. ഇലക്ഷൻ മുന്നിലുള്ളതിനാൽ സ്വഭാവികമായും വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന ജനപ്രിയ പദ്ധതികൾ ബഡ്ജറ്റിൽ ഇടംപിടിക്കും. മുൻ വർഷങ്ങളെ പോലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കൊപ്പം ട്രാൻസ്ജെൻഡറുകളെയും പരിഗണിക്കുന്ന പദ്ധതികൾ ഇക്കുറിയും ഉണ്ടാകും.
വൈറസ് ബാധകളുടെ പശ്ചാത്തലത്തിൽ ശുചിത്വത്തിന് പ്രധാനം നൽകികൊണ്ട് കൂടുതൽ തുക മാറ്റിവയ്ക്കാനാണ് സാദ്ധ്യത. മുൻകാല ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച കുന്നുകുഴി അറവുശാല, മേയേഴ്സ് ഭവൻ തുടങ്ങിയ സ്വപ്ന പദ്ധതികൾ എങ്ങുമെത്താതെ കിടക്കുന്നത് ഭരണസമിതിക്ക് വെല്ലുവിളിയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തേണ്ട പദ്ധതികളെ കുറിച്ച് ജനാഭിപ്രായം തേടുന്ന രീതി പുതിയ മേയറും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മേയറുടെ ഫേസ്ബുക്ക് പേജിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. വീട്ടുമുറ്റത്തെ ആവശ്യങ്ങൾ മുതൽ നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന എന്ത് നിർദേശവും നഗരവാസികൾക്ക് നഗരസഭയെ അറിയിക്കാം. ഈ നിർദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചതാവും അടുത്ത സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ്. ജനാഭിപ്രായം ശേഖരിച്ചുള്ള പങ്കാളിത്ത ബഡ്ജറ്റാണ് ഇത്തവണയും കോർപറേഷൻ ലക്ഷ്യമിടുന്നത്.
നൂൽപ്പാലത്തിലൂടെ അഞ്ചാം ബഡ്ജറ്റും
കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന ഇടതുപക്ഷം നൂൽപ്പാലത്തിലൂടെയാണ് അവസാന ബഡ്ജറ്റിലേക്ക് എത്തിയത്. കഴിഞ്ഞ നാലുവട്ടവും ബഡ്ജറ്റ് ചർച്ചയ്ക്കൊടുവിൽ വോട്ടിനിടുമ്പോൾ യു.ഡി.എഫ് ബഹിഷ്കരിക്കുകയും ബി.ജെ.പി അംഗങ്ങൾ എതിർത്ത് വോട്ടുചെയ്യുകയും ചെയ്തിരുന്നു. യു.ഡി.എഫിന്റെ ബഹിഷ്കരണമാണ് കഴിഞ്ഞ നാലുവട്ടവും എൽ.ഡി.എഫിനെ തുണച്ചത്. എതിർത്ത് വോട്ട് ചെയ്താൽ ബി.ജെ.പിക്ക് ഒപ്പം ചേർന്നു എന്ന തെറ്റായ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ഭയന്നാണ് കടുത്ത വിയോജിപ്പ് ഉള്ളപ്പോഴും എതിർത്ത് വോട്ട് ചെയ്യാത്തതെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. അതേസമയം യു.ഡി.എഫ്, എൽ.ഡി.എഫ് ഒത്തുകളിയാണ് കഴിഞ്ഞ നാലുവർഷങ്ങളായി നടക്കുന്നതെന്ന് ബി.ജെ.പി നേതാക്കളും ആരോപിക്കുന്നു.