വയനാട്ടിലെ മേപ്പാടിയിൽ ആത്മഹത്യ ചെയ്ത സനിൽ എന്നയാൾ പ്രളയദുരിതാശ്വാസത്തിനുള്ള പ്രത്യേക 'ആപ്പി"ൽ പെട്ടിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറയുന്നു. അത് സോഫ്ട് വെയറിന്റെ പിശകായിരിക്കാം എന്ന് തുറന്ന് സമ്മതിക്കാൻ അദ്ദേഹത്തിന് മടിയില്ല. പക്ഷേ അതുകൊണ്ടൊന്നും ജീവൻ തിരിച്ചുകിട്ടില്ലല്ലോ, സാർ എന്ന് മന്ത്രിയോട് നീട്ടിച്ചോദിച്ചത് എൻ. ഷംസുദ്ദീനായിരുന്നു. ദുരിതാശ്വാസഫണ്ട് വിതരണത്തിൽ എല്ലാം പെർഫെക്ടാണെന്ന ബോദ്ധ്യത്താൽ നയിക്കപ്പെടുന്ന മന്ത്രിക്ക് അത് വകവച്ച് കൊടുക്കാനാകുമോ? ഇല്ല.
പ്രളയദുരിതാശ്വാസം കിട്ടാതെ വയനാട്ടിലെ മേപ്പാടിയിൽ സനിൽ ആത്മഹത്യ ചെയ്തു, ദുരിതബാധിതർക്കുള്ള ധനസഹായം എറണാകുളം തൃക്കാക്കരയിലെ അയ്യനാട് സർവീസ് സഹകരണബാങ്ക് വഴി ഭരണകക്ഷി നേതാക്കൾ തട്ടിയെടുത്തു എന്നീ ആരോപണങ്ങളുമായാണ് എൻ. ഷംസുദ്ദീൻ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. പല തുള്ളി, പെരുവെള്ളം എന്നാണ് പ്രമാണം എന്നത് കൊണ്ട് ഷംസുദ്ദീൻ പല തുള്ളികൾ ചേർത്തുവച്ച് ആരോപണപ്പെരുവെള്ളം ഉണ്ടാക്കാൻ പോകുകയാണെന്ന തോന്നലിൽ ആദ്യമേ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഷംസുദ്ദീന് മുന്നറിയിപ്പ് നൽകുകയുണ്ടായി: പൊന്തക്കാട്ടിലടിക്കുന്നത് പോലെ അടിക്കരുത്. പക്ഷേ, ഷംസുദ്ദീൻ പൊന്തക്കാട്ടിൽ തന്നെയടിച്ചു. ആ അടിക്കിടയിൽ കൂടെ അടിക്കാൻ പലരും എഴുന്നേറ്റു. എന്തിനും എഴുന്നേൽക്കാറുള്ള പി.ടി.തോമസായിരുന്നു അതിലൊരു പ്രധാനി. അടിയന്തരപ്രമേയ നടപടികളിൽ ഒരവലോകനം നല്ലതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഈ അടി കണ്ടിട്ടായിരുന്നു. 'ഒരാൾ സംസാരിക്കുമ്പോൾ കൂടെയൊരാൾ എഴുന്നേറ്റ് നിൽക്കുന്നു. അയാൾ സംസാരിക്കുമ്പോൾ വേറൊരാൾ എഴുന്നേറ്റ് സംസാരിക്കുന്നു...' ഇങ്ങനെ പോകുന്നു മുഖ്യമന്ത്രി കണ്ട കാഴ്ചകൾ. ശേഷം സ്പീക്കർ തന്നെ ഷംസുദ്ദീനോട് പറഞ്ഞു: നിങ്ങൾ ഈ പൊന്തയിലടിച്ചതാണ് എല്ലാം കുഴപ്പമായത്!
സോഫ്ട് വെയർ തകരാറുകളുടെ കാലമാണെന്ന ധാരണയാൽ നയിക്കപ്പെടുന്ന വി.ഡി. സതീശനിലും സംശയമുണ്ടായി: ദുരിതാശ്വാസഫണ്ട് പാർട്ടിക്കാരുടെ അക്കൗണ്ടിലേക്ക് പോകുന്ന വല്ല സോഫ്ട് വെയറും കണ്ടുപിടിച്ചിട്ടുണ്ടോ? ഫണ്ട് തിരിമറികളെല്ലാം വിശദമായി പരിശോധിക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ചന്ദ്രശേഖരൻ ഉറപ്പ് നൽകി.
അപകടത്തിൽ പെട്ട് ചോര വാർന്ന് റോഡിൽ കിടക്കുന്നയാളിന്റെ പോക്കറ്റിലെ പണവും കൈയിലെയും കാതിലെയും ആഭരണങ്ങളും അടിച്ചുമാറ്റുന്ന നരാധമന്മാരെ നാണിപ്പിക്കുന്നവരാണ് ദുരിതാശ്വാസഫണ്ട് അടിച്ചുമാറ്റിയ നേതാക്കളെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിലയിരുത്തൽ.
ഒരു മണിക്കൂർ അടിയന്തരപ്രമേയ കോലാഹലത്തിന് ശേഷം അടുത്തത്, ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഊഴമായിരുന്നു. സഭയുടെ ആരോഗ്യമല്ല, തന്റെ മറുപടിയാണ് പ്രധാനമെന്ന ധാരണയാൽ പൊതുവേ നയിക്കപ്പെടുന്ന മന്ത്രിക്ക് കൊറോണ വൈറസിനെ കൂടി കൈയിൽ കിട്ടിയാലെന്താണ് സ്ഥിതി! പ്രതിപക്ഷനേതാവിന്റെ സബ്മിഷനുള്ള മറുപടി 27 മിനിറ്റായെന്ന് ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ തലയിൽ കൈവച്ച് പറഞ്ഞപ്പോൾ മന്ത്രി വ്യക്തമാക്കി: ഒരുപാട് ദീർഘമായി പറയുന്നില്ല, സാർ!
പൊലീസ്, ജയിൽ, അച്ചടി വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയായിരുന്നു ഇന്നലെ. പ്രതി ഏത് പാതാളത്തിൽ പോയൊളിച്ചാലും ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുന്ന കേരളപൊലീസിനെയോർത്ത് എം. രാജഗോപാലൻ അഭിമാനപുളകിതനായി. ചെറുപ്പം തൊട്ടേ ചെഗുവേരത്തൊപ്പിയുമിട്ട് നടക്കുന്ന രാജഗോപാലൻ എം.എൽ.എയെ ഹൊസ്ദുർഗ് എസ്.ഐക്ക് തിരിച്ചറിയാനാവാതെ പോയതും കേരള പൊലീസിന്റെ മഹത്വമാണോയെന്ന് പി.ഉബൈദുള്ളയ്ക്ക് സംശയമുണ്ടായിരുന്നു.
കണ്ടുകണ്ടങ്ങിരിക്കും കോൺഗ്രസുകാരെ കാവിയുടുത്തു കാണുന്ന കാലമായതിനാൽ എല്ലായിടത്തും പഞ്ചിംഗ് ഒഴിവാക്കിയപ്പോൾ കെ.പി.സി.സി ആസ്ഥാനത്ത് പഞ്ചിംഗ് നിർബന്ധമാക്കിയെന്ന് പരിഹസിച്ചത് വീണ ജോർജാണ്. ഇടുക്കി ജില്ലാ ജയിലിൽ തടവുപുള്ളികളെ ക്ഷീരകർഷകരാക്കാനായി മീര എന്ന പശുവിനെയും അഭിമന്യു എന്ന പശുക്കുട്ടിയെയും പി.ജെ. ജോസഫ് സമ്മാനിച്ചെന്ന് ശിഷ്യനായ മോൻസ് ജോസഫ് പറഞ്ഞു. അഭിമന്യു പശുക്കുട്ടിയോ, അതോ കാളക്കുട്ടിയോ എന്ന സംശയം മന്ത്രി ജി. സുധാകരനിൽ നിന്ന് സ്വാഭാവികമായുണ്ടായി.