ചില സിനിമകളുണ്ട്. അതിൽനിന്നും ചില നടന്മാരെയോ നടിമാരെയോ അടർത്തിമാറ്റാൻ നമുക്ക് കഴിയില്ല. മാക്സ് വോൺ സിദോ അങ്ങനെ ഒരു നടനായിരുന്നു. കഴിഞ്ഞദിവസം സിദോയും വിട പറഞ്ഞു. സിദോയെ ഇംഗ്മർ ബർഗമാന്റെ സ്വകാര്യസ്വത്തെന്നും വിളിക്കാം. കുറസോവയ്ക്ക് തൊഷിറോ മിഫൂൺ പോലെ, യാങ് ചോയ്ക്ക് മാരിതൊറസിക്കും യോസഫ് മദരാസും പോലെ, റേയ്ക്ക് സൗമിത്രോ ചാറ്റർജി പോലെ, വെർണർ ഹെർസ്റ്റോഗിന് ക്ളാസ്കിൻ സ്കിപോലെ.
പത്തുമുപ്പത് വർഷങ്ങൾക്കുമുമ്പ് ബർഗ്മാൻ അന്തോണിയോ ബ്ളോക്ക് എന്ന ഒരു പടയാളിയെ സൃഷ്ടിച്ചു. അയാൾ നീണ്ട ഏഴുവർഷം പോർക്കളത്തിലായിരുന്നു. കുരിശുയുദ്ധത്തിൽ തളർന്ന് അവശനായി ഗ്രാമത്തിലേക്ക് മടങ്ങുകയാണ്. അപ്പോഴാണ് ആ മന്ത്രവാദിനിയുടെ വരവ്. പോകാൻ വരട്ടെ. യമദൂതൻ പുറപ്പെട്ടുകഴിഞ്ഞു. നിന്റെ അന്ത്യം ഇവിടെ തന്നെ. അപ്പോൾ ആ കുഗ്രാമത്തിൽ സമയം സന്ധ്യയോടടുക്കുന്നു. ബ്ളോക്ക് എന്തിനും ഒരുക്കമാണ്. ജീവിതമാണ് അയാൾക്ക് ഇപ്പോൾ വേണ്ടത്. അതിനുവേണ്ടി എന്തിനും മുതിരും. അങ്ങനെ മരണദൂതൻ എത്തുന്നു. ദീർഘനേരത്തെ തർക്കങ്ങൾക്കുശേഷം ഒരു കരാറിൽ എത്തുന്നു. നമുക്ക് ഒരു ചൂതുകളിയിൽ ഏർപ്പെടാം. ജയിക്കുന്ന ആൾ ഭാവി തീരുമാനിക്കും. ബ്ളോക്ക് എന്ന കഥാപാത്രത്തെ അന്വശ്വരമാക്കി സിദോ .
ബർഗ്മാൻ പിന്നീട് പറഞ്ഞു: ഏഴാം മുദ്ര (seventh Seal) എന്റെ മരണഭയം അകറ്റി.
ഇക്കഴിഞ്ഞദിവസം മാക്സ്, നിങ്ങൾ മരിച്ചു എന്നു പറയുന്നത് കളവാണ്. നിങ്ങൾക്ക് മരണമില്ല. നിങ്ങളിലൂടെ ബർഗ്മാൻ എന്ന ദിവ്യപുരുഷൻ മാനവരാശിക്ക് നൽകിയ വാഗ്ദാനമാണ് നിർഭയത്വം. സെവന്ത് സീൽ ഉള്ളിടത്തോളം അങ്ങേക്ക് മരിക്കാൻ ആവില്ല.