corona-case-in-assembly

തിരുവനന്തപുരം: കൊറോണ മരണങ്ങൾ ഒഴിവാക്കാൻ ഒരു വീഴ്ചയും വരുത്താതെ അതിസാഹസികമായ പ്രതിരോധ പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും രോഗബാധിതർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ രാപകൽ ശ്രമം തുടരുകയാണെന്നും മന്ത്രി കെ.കെ.ശൈലജ. എന്നാൽ, വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കുന്നതിലടക്കം ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം.

ഇതേചൊല്ലി ശക്തമായ വാക്പോരിനാണ് ഇന്നലെ നിയമസഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്‌മിഷനിടെയായിരുന്നു ബഹളം. വിദ്യാലയങ്ങളും സ്ഥാപനങ്ങളും അടച്ചിടുന്ന കണ്ടെയ്‌ൻമെന്റ് രീതിക്ക് പകരം, അമേരിക്കയിലും മറ്റും നടപ്പാക്കുന്ന, ചെറിയ ലക്ഷണങ്ങളുള്ളവരെ വീടുകളിൽ പരിചരിക്കുന്ന മിറ്റിഗേഷൻ രീതി നടപ്പാക്കണമെന്ന് ചെന്നിത്തല നിർദ്ദേശിച്ചു.

അത്യാധുനിക സംവിധാനങ്ങളുപയോഗിക്കുന്ന അമേരിക്കയിൽ പത്ത് മരണമുണ്ടായെന്നും കേരളത്തിൽ സാദ്ധ്യമായ രീതിയിൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തുകയാണെന്നും കെ.കെ.ശൈലജ മറുപടി നൽകി. സമ്പർക്ക ലിസ്റ്റിലുള്ള അവസാനത്തെയാളെയും കണ്ടെത്തി രോഗത്തിന് ഫുൾസ്റ്റോപ്പിടണം. അതിനാൽ കണ്ടെയ്ൻമെന്റ് രീതി ഉപേക്ഷിക്കാനാവില്ല. മരണം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാവില്ല. ഇക്കാര്യത്തിൽ കേരള മോഡൽ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരിക്കുകയാണ്. പുകഴ്‌ത്തലോ അംഗീകാരമോ വേണ്ട. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മതി.

ആദ്യഘട്ടത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്ന്

രോഗികളിൽ നിന്ന് ഒരാൾക്കും രോഗം പകരാതെ പ്രതിരോധിക്കാൻ കഴിഞ്ഞു.

ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് റാന്നിക്കാർ വന്ന വിമാനത്തിൽ മൂന്നു തവണ അനൗൺസ്‌മെന്റ് നടത്തിയിരുന്നു. പക്ഷേ പഴുതുകളുപയോഗിച്ച് ഇവർ പുറത്തിറങ്ങി. മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്.

എന്നാൽ, വിമാനത്താവളത്തിലെ പരിശോധനയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വി.ഡി.സതീശൻ ആരോപിച്ചു. ദോഹ, സിംഗപ്പൂർ, അബുദാബി, ദുബായ് എന്നീ നാലു ട്രാൻസിറ്റ് പോയിന്റുകളിലൂടെ ഇറ്റലിയിൽ നിന്നെത്തുന്ന യാത്രക്കാരെ മുഴുവൻ പരിശോധിക്കണം. പരിശോധനയിൽ വീഴ്ചയുണ്ടായെന്ന് ഷാനിമോൾ ഉസ്‌മാനും ആരോപിച്ചു. ചീപ്പായി പെരുമാറരുതെന്നും ദോഷൈകദൃക്കാവരുതെന്നും ഷാനിയോട് മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. മന്ത്രിക്ക് ധാർഷ്ട്യമാണെന്ന് അൻവർ സാദത്തും പി.ടി.തോമസും വിളിച്ചുപറഞ്ഞു. ഭരണപക്ഷം എ.എൻ.ഷംസീർ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനുനേരെ തിരിഞ്ഞു. പ്രതിപക്ഷത്തിന് ആശങ്ക പറയാൻ പോലും അവകാശമില്ലേയെന്നും താൻ സബ്‌മിഷൻ പിൻവലിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാപകൽ പ്രവർത്തിച്ചിട്ടും കുറ്റം പറഞ്ഞപ്പോഴാണ് പരുഷമായ വാക്കുകളുണ്ടായതെന്ന് മന്ത്രി ശൈലജ പറഞ്ഞതോടെയാണ് പ്രതിഷേധം ശമിച്ചത്.

ആരോഗ്യ വകുപ്പിന് പിഴച്ചില്ല

ഇറ്റലി കുടുംബത്തിന്റെ കാര്യത്തിൽ ആരോഗ്യവകുപ്പിന് യാതൊരു പിഴവുമുണ്ടായിട്ടില്ല. വിവരങ്ങൾ തെറ്റായി പറഞ്ഞ് അവർ പുറത്തിറങ്ങുകയായിരുന്നു. അക്കാര്യം പിന്നീട് പരിശോധിക്കാം. അവർ പോയ സ്ഥലങ്ങൾ കണ്ടെത്താനുള്ള നെട്ടോട്ടമാണിപ്പോൾ.

 തൃശൂർ മെഡിക്കൽ കോളേജിലും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലും പബ്ലിക് ഹെൽത്ത് ലാബിലും കൊറോണ പരിശോധനയ്ക്ക് കേന്ദ്രത്തോട് അനുമതി തേടിയിരിക്കുകയാണ്.

രോഗലക്ഷണമുള്ളവരുടെ എണ്ണം കൂടുന്നതനുസരിച്ച് ചെറിയ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിൽ ഉൾക്കൊള്ളാനാവില്ല. അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും.