തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കാണാൻ ആരുമെത്തരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സന്ദർശകരെ പൂർണമായും ഒഴിവാക്കണം. നിരീക്ഷണത്തിലുള്ളവരും പരിചാരകരും കൃത്യമായി നിർദ്ദേശങ്ങൾ പാലിക്കണം. രോഗ ലക്ഷണം പ്രകടമാകുന്നവർ കോൾ സെന്ററുമായി ബന്ധപ്പെടണം. ഒരുകാരണവശാലും ബസുകളിൽ ആശുപത്രിയിലെത്തരുത്. 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശയിലെ 2552056 എന്ന നമ്പരിലേക്കോ വിളിച്ചാൽ മാർഗ നിർദേശങ്ങൾ ലഭിക്കും.
മറ്റ് നിർദേശങ്ങൾ
നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം.
രോഗിയെ പരിചരിക്കുന്നവർ മാസ്‌ക്, കൈയുറ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉറപ്പാക്കണം
രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
മുറിയിൽ കയറുകയോ രോഗിയെ സ്പർശിക്കുകയോ ചെയ്താൽ കൈകൾ സോപ്പുപയോഗിച്ചു കഴുകണം
കൈകൾ തുടയ്ക്കുവാനായി പേപ്പർ ടവൽ, തുണികൊണ്ടുള്ള ടവൽ എന്നിവ ഉപയോഗിക്കുക.
ഉപയോഗിച്ച മാസ്‌കുകൾ, ടവലുകൾ എന്നിവ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യണം
രോഗലക്ഷണമുള്ളവർ വായൂ സഞ്ചാരമുള്ള മുറിയിൽ കഴിയണം
പാത്രങ്ങൾ, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്
തോർത്ത്, വസ്ത്രങ്ങൾ മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ളീച്ചിംഗ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കണം.
ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല, തോർത്ത്, തുണി കൊണ്ട് വായും മൂക്കും മറയ്‌ക്കണം
പൊതുസ്ഥലത്ത് തുപ്പരുത്.
സന്ദർശകരെ ഒരുകാരണവശാവും അനുവദിക്കാതിരിക്കുക.
നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം തുടങ്ങിയവയും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം